സുനില്‍ മാലൂര്‍ ചിത്രം ‘വലസൈ പറവകള്‍’ കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്

Cinema

സിനിമ വര്‍ത്തമാനം / ആകാശ്

പുതുമുഖ സംവിധായകന്‍ സുനില്‍ മാലൂര്‍ സംവിധാനം ചെയ്ത ‘വലസൈ പറവകള്‍’ എന്ന ചിത്രം മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
തേയിലത്തോട്ടങ്ങളില്‍ തൊഴിലാളികള്‍ തലമുറകളായി അനുഭവിക്കുന്ന പീഡനങ്ങളും ദുരിതങ്ങളും വരച്ചുകാട്ടുകയാണ് ചിത്രം. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ പോലും മറ്റൊരു ജോലി കിട്ടാതെ തോട്ടങ്ങളില്‍ കൊളുന്തു നുള്ളി ജീവിക്കാന്‍ വിധിക്കപ്പെടുന്ന അവസ്ഥ.

തലമുറകളായി ഒന്നും രണ്ടും മുറിയുള്ള ലയങ്ങളില്‍ താമസിക്കുന്ന ജീവിതങ്ങള്‍. ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനായ സുനില്‍ മാലൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചലച്ചിത്രമേളകളില്‍ പങ്കെടുത്തു നേടിയ അറിവും വായനയിലൂടെ ലഭിച്ച കരുത്തുമാണ് സംവിധാനം ചെയ്യാനുള്ള മുന്നൊരുക്കം.

ആദ്യ ശ്രമത്തിന് സുഹൃത്തുക്കളുടെയും പിന്തുണയുണ്ട്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് സുജ സെല്‍വാനോസ് അര്‍ജുന്‍ എന്നിവര്‍ ചേര്‍ന്നാണ്. പ്രശസ്ത സംവിധായകന്‍ ഷെറി തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. മറ്റൊരു സംവിധായകനായ മനോജ് കാന പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. സുനില്‍ രചിച്ച ‘പ്രണയം ജനാധിപത്യം എന്നിവയെപ്പറ്റി’ എന്ന കവിത സമാഹാരം ലളിതാംബിക അന്തര്‍ജ്ജനം പുരസ്‌കാരം നേടിയിട്ടുണ്ട്.

തേയിലത്തോട്ടങ്ങളില്‍ സുനില്‍ കണ്ട, ആയുസ്സ് മുഴുവന്‍ പണിയെടുത്തിട്ടും ഇല്ലായ്മയുടെ കഥ പറയുന്ന പച്ചയായ മനുഷ്യ ജീവിതങ്ങളുടെ കഷ്ടപ്പാടും വേദനയുമാണ് യഥാതഥമായി ചിത്രീകരിച്ചിരിക്കുന്നത്.
സിനിമകുശിനിയുടെ ബാനറില്‍ ശുഭകുമാരി.എ.എന്‍. നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം അനില്‍ വേങ്ങാട് നിര്‍വ്വഹിക്കുന്നു.

മനോജ് കാന, കൃഷ്ണന്‍ കണ്ണൂര്‍, സുല്‍ത്താന്‍ അനുജിത്ത്, ശ്രീദേവി റാന്നി, ഫെബീന, കര്‍ണ്ണിക, ഡോ:പ്രസീദ, രാജന്‍ റാന്നി, ജിക്കോ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. ബിജു വൈനോട്ട് (എഡിറ്റിങ്) ജോഷി പടമാടന്‍ (സംഗീതം), അല്ലി ഫാത്തിമ (ഗാനരചന), രശ്മിസതീഷ് (ആലാപനം), സുനില്‍ വില്വമംഗലം (കലാസംവിധാനം) സ്റ്റുഡിയോ: ബോസ് ബാന്റ് കൊടുങ്ങല്ലൂര്‍ എന്നിവരാണ് പ്രധാന അണിയറ പ്രവര്‍ത്തകര്‍.