വാക്ശരം / ടി കെ ഇബ്രാഹിം
പലസ്തീനില്‍ മരണം അയ്യായിരം കവിഞ്ഞു. മരിച്ചവരിലേറെയും അമ്മമാരും കുഞ്ഞുങ്ങളും. വെടി മരുന്നില്‍ പാതി വെന്ത ഇളം മനുഷ്യമാംസത്തിന്റെ രുചി രണ്ടു വൃദ്ധരാക്ഷസന്മാരും നന്നായാസ്വ ദിക്കുന്നുണ്ട്.!
നിര്‍ത്തൂ ഈ ചുടലനൃത്തം എന്നാജ്ഞാപിക്കാന്‍, തടയാന്‍ ഒരു അധികാര ശക്തിയും മുന്നോട്ടു വരുന്നില്ല.! എത്രമേല്‍ നീചവും നികൃഷ്ടവും ക്രൂരവുമാണ് ലോകഗതി. ! മനുഷ്യനായി ജനിച്ചതില്‍ ലജ്ജിച്ചു തലതാഴ്‌ത്തേണ്ടിവരുന്ന നിമിഷങ്ങള്‍. കാരുണ്യം പോട്ടെ, പിഞ്ചുകുഞ്ഞിന്റെ വരണ്ടുണങ്ങി കരുവാളിച്ച ചുണ്ടില്‍ ഒരിറ്റു ദാഹജലം, ?
ഒരു മുറി ബ്രഡ് ? യുദ്ധം കൊന്നുകളഞ്ഞ സ്വന്തം അമ്മയുടെ ചലനമറ്റ മുഖം കാണാന്‍ ഒരു കീറ് വെളിച്ചം! പെട്രോഡോളറി ന്റെയും സ്വര്‍ണ്ണഖനികളുടെയും സൗഭാഗ്യങ്ങളില്‍ രമിച്ച്, സുഖാലസ്യത്തില്‍ മയങ്ങുന്നവര്‍, ഹതാശരും നിസ്സഹായരും സ്വന്തം മണ്ണില്‍ തടവിലാക്കപ്പെട്ടവരുമായ മനുഷര്‍ക്കു വേണ്ടി ഉരിയാടാന്‍ മടിക്കുന്ന അധികാര വ്യവസ്ഥകള്‍ക്ക് മേല്‍ അഗ്‌നിഗോളം വന്ന് പതിക്കുന്നതാണ് നല്ലത്.
‘പോകട്ടെയെല്ലാമിരുട്ടില്‍ ഇരുട്ടെത്രഭാഗ്യം ‘
ഇന്നും തുടരുന്നയുദ്ധത്തെ അസംബന്ധ ജടിലമാക്കുന്നത് ഈ അധര്‍മ്മയുദ്ധത്തില്‍ദൈവങ്ങളും സഖ്യകക്ഷികളാണെന്നതാണ് ! സ്വന്തം സൃഷ്ടികള്‍ കത്തി ചാമ്പലാകുന്നതു കാണാന്‍ അനന്തതയിലെവിടെയോ നിന്നു മേഘപാളികള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന, കണ്ടു രസിക്കുന്ന ദൈവങ്ങളും നെതന്യാഹുവും , ജോബൈഡനുമടങ്ങിയ ചുടലഭൂതങ്ങള്‍ക്കൊപ്പമാണെന്നതാണ് ക്രൂരമായ ഫലിതം.!