തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക പ്രസക്തിയുള്ള നവീന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സോഷ്യല്‍ ഇന്നൊവേഷന്‍ പരിപാടിയ്ക്കായി ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിക്കുന്നു.
അസിസ്റ്റീവ് ടെക്‌നോളജി, വിഭിന്നശേഷിക്കാര്‍ക്കുള്ള പുനരധിവാസം, സുസ്ഥിര നഗരങ്ങള്‍, മാലിന്യ സംസ്‌കരണം, സ്ത്രീകളുടെ ആരോഗ്യ സംരംക്ഷണം, കാലാവസ്ഥാവ്യതിയാനം, പാരമ്പര്യ ഊര്‍ജസ്രോതസുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ പങ്കാളികള്‍/ പൊതുസ്വകാര്യ ഏജന്‍സികള്‍ എന്നിവര്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാം.
സാമൂഹിക പ്രസക്തിയുള്ള പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുക എന്നത് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ലക്ഷ്യങ്ങളിലൊന്നാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഏജന്‍സികള്‍ക്ക് ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം കോവര്‍ക്കിംഗ് സ്‌പെയ്‌സും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കും. മികച്ച സ്റ്റാര്‍ട്ടപ്പുകളെ കെഎസ് യുഎം ഗ്രാന്റിനായി പരിഗണിക്കും. പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗനിര്‍ദേശം, വിപണനം ചെയ്യാവുന്ന ഉത്പന്നങ്ങള്‍ വികസിപ്പിക്കാനും വിപണി മനസ്സിലാക്കാനുമുള്ള പിന്തുണ എന്നിവയും ഇതിലൂടെ ലഭ്യമാക്കും.
അപേക്ഷകര്‍ക്ക് സോഷ്യല്‍ ഇന്നൊവേഷനിലും ഇംപാക്റ്റ് സംരംഭകത്വത്തിലും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയമുണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ അഞ്ച്.
രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക: https://startupmission.kerala.gov.in/pages/eoi-social-innovation