എ വി ഫര്‍ദിസ്
കോഴിക്കോട്: ലോകമൊന്നാകെ തങ്ങളുടെ മുന്‍ഗാമികള്‍ നടത്തിയ തെറ്റുകള്‍ ഏറ്റുപറയുന്ന ബ്രിട്ടീഷ് അമേരിക്കന്‍ സിനിമകള്‍ ഇടയ്ക്ക് മാത്രം കണ്ടുവരുന്ന പ്രതിഭാസമാണ്. ഇത്തരത്തില്‍ ഒരു മുഴുനീള കാഴ്ചയൊരുക്കുന്നുവെന്നതാണ് ട്രയാംഗിള്‍ ഓഫ് സാഡ്‌നസ്സ് എന്ന യു കെ യു എസ് സംയുക്ത നിര്‍മാണത്തിലുള്ള ഈ സിനിമ.
പൊതുവെ ഒരു സറ്റയര്‍ ജോര്‍ണറിലുള്ള സിനിമയില്‍ ഇടയ്ക്ക് കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗുകള്‍, വലിയ രാഷ്ട്രീയമാണ് പ്രേക്ഷകനോട് പറയുന്നത്. കപ്പലിന്റെ കപ്പിത്താനായ അമേരിക്കക്കാരന്‍ തോമസും അതിലെ റഷ്യക്കാരനായ ഒരു കോടീശ്വരനും കൂടി മൈക്കിലൂടെ വിളിച്ചു പറയുന്ന സംഭാഷണങ്ങള്‍ ഇതിന് പ്രധാന ഉദാഹരണങ്ങളിലൊന്നാണ്. അതുപോലെ തന്നെയാണ് സുഖ ജീവിതത്തില്‍ വിരാജിക്കുകയായിരുന്ന ഒരു കൂട്ടമാളുകള്‍ ഒരു ബോട്ടില്‍ വെള്ളം പോലും കിട്ടാത്ത അവസ്ഥയിലെത്തുന്ന കാഴ്ചയും.
പെരുമ നടിക്കലിന്റെ ആഢംബരക്കപ്പലില്‍ രാജാക്കന്മാരായിരുന്ന അവരോട്, കപ്പല്‍ തകര്‍ന്ന് ദ്വീപിലൊറ്റപ്പെടുമ്പോള്‍ കപ്പലിലെ ശുചീകരണ തൊഴിലാളിയായിരുന്ന സ്ത്രീ ഇനി ഞാനാണ് ഇവിടത്തെ ക്യാപ്റ്റന്‍ എന്നു പറയുന്നതോടെ സിനിമ വ്യക്തമായ സന്ദേശമാണ് മുന്‍പിലിരിക്കുന്ന പ്രേക്ഷകന് നല്കുന്നത്.
സമ്പന്നരും വെള്ളക്കാരുമായ കപ്പല്‍ യാത്രക്കാര്‍ എല്ലാം നഷ്ടപ്പെട്ടിട്ടും തങ്ങളുടെ ദുരഭിമാനം വെടിയാതിരിക്കുന്നതിന്റെ പല നല്ല കാഴ്ചകളും റൂബന്‍ ഒസ് ലുണ്ട് സംവിധാനം ചെയ്ത ഈ സിനിമ നല്കുന്നുണ്ട്.
സെര്‍ബിയന്‍ ജോര്‍ദാന്‍ ചലച്ചിത്രമായ ഏ ക്രോസ് ഇന്‍ ദ ഡസേര്‍ട്ട് പ്രതീക്ഷിച്ച രീതിയില്‍ പ്രേക്ഷക ശ്രദ്ധ നേടിയില്ലെങ്കിലും ശക്തമായ പ്രമേയമാണ് ഈ ചലച്ചിത്രത്തിന്റെ ശക്തി. തുണീഷ്യ, ഫലസ്തീന്‍, സഊദി അറേബ്യാ, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായി എത്തിയ അലാമും മുന്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്ത നിലവാരമില്ലാത്ത ചലച്ചിത്രമാകുകയായിരുന്നു.
Very interesting details you have remarked, regards for putting up.Expand blog