എം ജിയില്‍ കൊറിയ സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു; ഇന്ത്യയുമായുള്ള സഹകരണത്തില്‍ പുതുസാധ്യതകള്‍: ദക്ഷിണ കൊറിയന്‍ അംബാസഡര്‍

Kottayam

കോട്ടയം: മാറുന്ന ആഗോള സാഹചര്യം ഇന്ത്യ ദക്ഷിണ കൊറിയ സഹകരണത്തില്‍ പുതുസാധ്യതകള്‍ തുറന്നു നല്‍കുന്നുണ്ടെന്ന് ഇന്ത്യയിലെ ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ചാംഗ് ജീ ബോക്ക് പറഞ്ഞു. മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സില്‍ കൊറിയ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരിച്ചുവരുന്നു. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളിലെ പങ്കാളിത്ത സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാകണം. ദക്ഷിണേന്ത്യയിലെ ആദ്യത്തെ കൊറിയ സെന്റര്‍ ആരംഭിച്ചത് മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ചുവടുവയ്പ്പാണെന്ന് അദ്ദേഹം വിലയിരുത്തി.

കൊറിയ സെന്റര്‍ സര്‍വകലാശാലയ്ക്ക് ദക്ഷിണ കൊറിയന്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളുമായുള്ള സഹകരണത്തിനുള്ള വേദികൂടിയാകുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു.

സെന്ററിന്റെ സ്‌കോളര്‍ ഇന്‍ റസിഡന്‍സ് ആയ കൊറിയയിലെ കിം ദേ ജംഗ് അക്കാദമി ഓഫ് പൊളിറ്റിക്‌സ് ചെയര്‍മാന്‍ ഡോ. പെയ്ക് ഹാക്‌സൂണ്‍, സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് മേധാവി ഡോ. സി. വിനോദന്‍, കൊറിയ സെന്റര്‍ ഹോണററി ഡയറക്ടര്‍ ഡോ. ജോജിന്‍ വി. ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.