എം ജി ബി എഡ് ഏകജാലകം; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Kottayam

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജുകളിലെ ഒന്നാം വര്‍ഷ ബി എഡ് പ്രോഗ്രാമുകളില്‍ ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ മുതല്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സര്‍വകലാശാലയാണ് അലോട്ട്‌മെന്റ് നടത്തുക. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിയില്‍ അതത് കമ്മ്യൂണിറ്റികളില്‍പ്പെട്ട എയ്ഡഡ് കോളജുകളിലേക്കു മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.

മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിന് അപേക്ഷകര്‍ കോളജുകളില്‍ ഓണ്‍ലൈന്‍ ക്യാപ്പ് അപേക്ഷാ നമ്പര്‍ നല്‍കണം. ക്യാപ്പ് വഴി അപേക്ഷിക്കാത്തവര്‍ക്ക് മാനേജ്‌മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കാന്‍ കഴിയില്ല. സ്‌പോര്‍ട്‌സ് ക്വാട്ടയിലും ഭിന്നശേഷിക്കാര്‍ക്കുള്ള ക്വാട്ടയിലും അപേക്ഷിക്കുന്നവരും ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം.

സംവരണാനുകൂല്യത്തിനുള്ള രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പ് അപ്ലോഡ് ചെയ്യേണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റും എസ്.ഐ.ബി.സി,ഒ.ഇ.സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ഇ.ഡബ്ല്യു.എസ് സംവരണാനുകൂല്യത്തിന് റവന്യു അധികാരികള്‍ നല്‍കുന്ന ഇന്‍കം ആന്റ് അസ്സറ്റ്‌സ് സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം.

എന്‍സി.സി, എന്‍.എസ്.എസ് ബോണസ് മാര്‍ക്ക് ക്ലെയിം ചെയ്യുന്നവര്‍ ബിരുദ തലത്തിലെ സാക്ഷ്യപത്രം ഹാജരാക്കണം. വിമുക്തഭടന്മാരുടെയും സൈനികരുടെയും ആശ്രിതര്‍ക്കുള്ള ബോണസ് മാര്‍ക്കിന് ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ നിന്നുള്ള സാക്ഷ്യപത്രമാണ് വേണ്ടത്. ഈ ആനുകൂല്യത്തിന് ആര്‍മി,നേവി,എയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ.

വിവിധ പ്രോഗ്രാമുകള്‍ക്ക് കോളജുകളില്‍ അടയ്‌ക്കേണ്ട ഫീസ് സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.പൊതു വിഭാഗത്തിന് 1300 രൂപയും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 650 രുപയുമാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812733511, 04812733521, 04812733518 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. ഇമെയില്‍: bedcap@mgu.ac.in