ചിന്ത / ഡോ: ജി ആര്‍ സന്തോഷ് കുമാര്‍
2023 ഒക്ടോബര്‍ 26ന് വന്ന വാര്‍ത്തയാണ്: ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍ നവോര്‍ ഗിലണ്‍ ദില്ലിയില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ വെച്ച്, ഇന്ത്യാ ഗവണ്മെന്റ് ഹമാസിനെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രയേല്‍ ഭരണകൂടം ആവശ്യപ്പെട്ടതായി വെളിപ്പെടുത്തി. ഈ വാര്‍ത്തയുടെ അര്‍ത്ഥം ഇന്ത്യന്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഹമാസ് ഇതുവരെ ഒരു ഭീകരസംഘടനയല്ല എന്നാണ്. ഹമാസിന് ഇന്ത്യയില്‍ എവിടെയും നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബി.ജെ.പി കേരള പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം.ടി രമേശ്, ബി.ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്ക് ഹമാസ് ഒരു ഭീകര സംഘടനയാണ്.
എം. ടി. രമേശ് വാര്‍ത്ത സമ്മേളനത്തില്‍ പറയുന്നത് ഇന്ത്യയില്‍ ഹമാസിന് പിന്തുണയുള്ള ഏകസ്ഥലം കേരളം മാത്രമാണെന്നാണ്. മി. രമേശ്, ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി ഗവണ്മെന്റിന് ഹമാസ് ഒരു ഭീകര സംഘടനയല്ലെങ്കില്‍ ഇന്ത്യയിലെ സാധാരണ പൗരന്മാര്‍ എന്തിന് മറിച്ചു ചിന്തിക്കണം? അതുകൊണ്ട് ബി.ജെ.പി നേതാക്കള്‍ക്ക് തങ്ങള്‍ പറയുന്ന കാര്യത്തില്‍ ഉറപ്പുണ്ടെങ്കില്‍, കേരളത്തെ പഴിപറയുന്നത് അവസാനിപ്പിക്കു കയും ഹമാസിനെ ഭീകര സംഘടനയായി കാണാന്‍ കൂട്ടാക്കാത്ത മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയുമാണ് വേണ്ടത്. ഗാസയില്‍ സിവിലിയന്മാരെ, പ്രത്യേകിച്ചും സ്ത്രീകളേയും കുട്ടികളേയും കൂട്ടക്കൊല ചെയ്യുന്ന നെതന്യാഹുവിനെ അത് അത്യന്തം സന്തോഷിപ്പിക്കും.