തിരുവനന്തപുരം: നവതലമുറ സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നും സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യ വികസനത്തിന് ഇത് മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടൂറിസം വ്യവസായത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ ഉള്‍പ്പെടുത്താനുള്ള സുപ്രധാന തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവളത്തെ ലീല റാവിസ് ഹോട്ടലില്‍ സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തില്‍ സ്റ്റാര്‍ട്ടപ്പ് രംഗത്തെ ഏറ്റവും പുതിയ പ്രവണതകളും ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചകളുമാണ് നടക്കുന്നത്.
വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐടി, വിടി (വെര്‍ച്വലൈസേഷന്‍ ടെക്‌നോളജി), ഭക്ഷ്യസംസ്‌ക്കരണം മുതലായ വിവിധ മേഖലകളില്‍ കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കുള്ള മികച്ച അവസരമുണ്ട്. ലോകത്തിലെ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് ഇന്ത്യയിലുള്ളത്. ഈ സര്‍ക്കാരിന്റെ കാലത്ത് 15,000 സ്റ്റാര്‍ട്ടപ്പുകളും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യം. ടൂറിസം ഡെസ്റ്റിനേഷനുകളെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുമായി ബന്ധിപ്പിക്കാന്‍ നടപടിയെടുക്കും. ഈ സാമ്പത്തികവര്‍ഷത്തില്‍ മാത്രം ഒരു ലക്ഷം പുതിയ വ്യവസായ സംരംഭങ്ങളാണ് കേരളത്തിലുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇനോവേഷന്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുകള്‍(ഐഇഡിസി), യൂത്ത് ഇനോവേഷന്‍ പ്രോഗ്രാം എന്നിവയെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. കെ ഫോണ്‍, ഇന്‍ഫര്‍മേഷന്‍ ഹൈവേ എന്നിവയ്ക്കായി അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചു കഴിഞ്ഞു. ഇതോടെ ലോകത്തിന്റെ ഏതു മുക്കിലും മൂലയിലുമുള്ള വ്യക്തിക്കും ആശയവുമായി കേരളത്തിലേക്കെത്താനും ഇവിടെ വിജയകരമായ സംരംഭം തുടങ്ങാനും സാധിക്കും. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ ആഗോള പ്രതിനിധികളെ ഇവിടേക്കെത്തിച്ചത് വഴി കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ സാധിച്ചു. ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ കേരള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ അഞ്ചാമത് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പുറത്തിറക്കി. കേരളത്തിന്റെ അഭിമാനമായ സാമൂഹ്യ സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബോട്ടിക്‌സിനുള്ള പ്രൈഡ് ഓഫ് കേരള പുരസ്‌കാരം കമ്പനി കോ ഫൗണ്ടര്‍ വിമല്‍ ഗോവിന്ദ് എംകെയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഴുക്കുചാലുകളും മാന്‍ഹോളുകളും വൃത്തിയാക്കുന്നതിനായി റോബോട്ട് നിര്‍മ്മിച്ച കമ്പനിയാണ് ജെന്‍ റോബോട്ടിക്‌സ്.
രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള 3000 പ്രതിനിധികള്‍ നിക്ഷേപം, വാണിജ്യബന്ധങ്ങള്‍ എന്നിവയ്ക്കായുള്ള ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടത്തും.
ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും നവസംരംഭകര്‍ക്ക് വലിയ അവസരങ്ങളുള്ള കാലത്താണ് ഹഡില്‍ ഗ്ലോബല്‍ സമ്മേളനം നടക്കുന്നതെന്നത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്ന് മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. കെ.എം. എബ്രഹാം പറഞ്ഞു. പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശക്തമായ സൂചകങ്ങള്‍ ദൃശ്യമാണ്. സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയരത്തിലാണ്. ഏഷ്യയിലെ തന്നെ ഏറ്റവുമധികം ചെലവ് താങ്ങാനാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു രാത്രി കൊണ്ടല്ല കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പെടുത്തത്. വികസനത്തിന്റെ പല ഘട്ടങ്ങളിലായി നിരവധി പദ്ധതികളിലൂടെയും പരിപാടികളിലൂടെയുമാണ് ഇത് സൃഷ്ടിച്ചത്. നവസംരംഭകര്‍ക്ക് വ്യാപകമായ അവസരങ്ങളാണ് കേരളം പ്രദാനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഹഡില്‍ ഗ്ലോബല്‍ സമ്മേളനം വലിയ മൂല്യം നേടിത്തന്നിട്ടുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. കേരളത്തിന്റെ സംരംഭകത്വ മനോഭാവം കാത്തു സൂക്ഷിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സാങ്കേതിക മേഖല അതിന്റെ ഏറ്റവും മികച്ച സമയത്തു കൂടിയാണ് കടന്നു പോകുന്നതെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ ചെയര്‍മാന്‍ വി.കെ. മാത്യൂസ് പറഞ്ഞു. വ്യാവസായികമായി സശ്രദ്ധം നീങ്ങിയാല്‍ യുവസംരംഭകര്‍ക്ക് മികച്ച അവസരമുണ്ട്. പ്രതിഭ, അടിസ്ഥാനസൗകര്യം, രാഷ്ട്രീയവും സാമൂഹ്യവുമായ സ്ഥിരത, രാഷ്ട്രീയ നേതൃത്വത്തിലും ഭരണകൂടത്തിലുമുള്ള സരളമായ ഇടപെടല്‍ എന്നിവ കൊണ്ട് സംരംഭങ്ങള്‍ക്കുള്ള പറ്റിയ ഇടമാണ് കേരളമെന്നും വ്യവസായ കൂട്ടായ്മയായ ജി ടെക്കിന്റെ ചെയര്‍മാന്‍ കൂടിയായ മാത്യൂസ് പറഞ്ഞു.
വേഗം, ശക്തി, സുസ്ഥിരത, ഉയരങ്ങള്‍ താണ്ടാനുള്ള കഴിവ് എന്നിവയാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അത്യന്താപേക്ഷിതമെന്ന് സിസ്‌കോ ലോഞ്ച് പാഡിന്റെ മേധാവി ശ്രുതി കണ്ണന്‍ പറഞ്ഞു. സാങ്കേതികവികസനം കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ സംഭവിക്കുന്നതിനാല്‍ മത്സരശേഷി ഏറെ പ്രധാനമാണ്. സംസ്ഥാനത്തെ എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സിസ്‌കോ സ്റ്റാര്‍ട്ടപ്പ് ലഭ്യമാകുമെന്നും അവര്‍ പറഞ്ഞു.
ഡിബിഎസ് ബാങ്ക് സിംഗപ്പൂര്‍, യുനുസ് സോഷ്യല്‍ ബിസിനസ് ഫണ്ട് ബംഗളുരു, ഫീനിക്‌സ് ഏയ്ഞ്ചല്‍സ് എന്നിവയുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ധാരണാപത്രം ഒപ്പിട്ടു.