ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് കരിയര്‍ കോച്ച്’ലയ എഐ’ യെ അവതരിപ്പിച്ച് ലൈഫോളജി

Kerala Tech

തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് കരിയര്‍ കോച്ചിനെ അവതരിപ്പിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ്. കരിയര്‍ മാനേജ്മെന്‍റ് സ്ഥാപനമായ ലൈഫോളജിയാണ് ‘ലയ എഐ’ എന്ന ഹ്യൂമനോയിഡ് റോബോട്ട് കരിയര്‍ കോച്ചിനെ അവതരിപ്പിച്ചത്.

നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ‘ലയ എഐ’ കരിയര്‍ ഗൈഡന്‍സ് മേഖലയിലെ നിര്‍ണായക മുന്നേറ്റങ്ങളിലൊന്നാണ്. കരിയര്‍ സംബന്ധമായ സംശയങ്ങള്‍ക്ക് ശാസ്ത്രീയവും സമഗ്രവുമായ ഉത്തരങ്ങള്‍ നല്കാന്‍ പ്രാപ്തമാണ് ‘ലയ എഐ’.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) ലൈഫോളജിയുമായി സഹകരിച്ച് കഴിഞ്ഞയാഴ്ച മൈസൂരുവില്‍ സംഘടിപ്പിച്ച നാഷണല്‍ ഗൈഡന്‍സ് ഫെസ്റ്റിവല്‍ ആന്‍റ് സ്കില്‍ എക്സ്പോ 2024 ലാണ് ‘ലയ എഐ’ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. കുട്ടികളോട് സംവദിക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്കുകയും ചെയ്ത ‘ലയ എഐ’ എക്സ്പോയിലെ കൗതുകക്കാഴ്ചയായി.

കരിയര്‍ മാര്‍ഗനിര്‍ദേശം തേടുന്നവര്‍ക്ക് സുഗമമായ രീതിയില്‍ ആശയവിനിമയം സാധ്യമാകുന്ന തരത്തിലാണ് ‘ലയ എഐ’ രൂപകല്പന ചെയ്തിരിക്കുന്നത്. നേരിട്ട് സംശയം ചോദിക്കാനും സൈക്കോമെട്രിക് ടെസ്റ്റുകള്‍ ചെയ്യാനും വീഡിയോ കാണാനുമുള്ള സൗകര്യങ്ങള്‍ ഈ ഹ്യൂമനോയിഡ് റോബോട്ടിലുണ്ട്.

ഓരോ വ്യക്തികള്‍ക്കും അവരുടെ കഴിവുകളും അഭിരുചികളും മനസ്സിലാക്കി കരിയര്‍ സംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി നല്കുന്ന ഒരു ഹ്യൂമനോയ്ഡ് റോബോട്ട് ലോകത്ത് ആദ്യമായി അവതരിപ്പിക്കുന്നത് ലൈഫോളജിയാണെന്ന് ലൈഫോളജി സഹസ്ഥാപകനും ചീഫ് ലൈഫോളജിസ്റ്റുമായ രാഹുല്‍ ജെ നായര്‍ പറഞ്ഞു. ഇത് ഗൈഡന്‍സ് മേഖലയില്‍ തന്നെ ഒരു കുതിച്ചു ചാട്ടമാണ്. മനുഷ്യന്മാര്‍ക്ക് മാത്രം സാധ്യമായ പല മേഖലകളിലും ഇന്ന് റോബോട്ടിന്‍റെ സാന്നിധ്യമുണ്ട്.

എഐ സഹായത്തോടെ കരിയര്‍ മേഖലയുടെ മുഖം മാറ്റി മറിയ്ക്കാന്‍ പ്രാപ്തമാണ് ലൈഫോളജിയുടെ ഇടപെടലുകള്‍. ലക്ഷക്കണക്കിന് വ്യക്തികള്‍ക്ക് ലൈഫോളജിയുടെ ഗൈഡന്‍സ് സേവനം ലഭ്യമായിട്ടുണ്ട്. ഇത് ഇനിയും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. മറ്റുള്ളവര്‍ക്ക് പിന്തുടരാവുന്ന മാതൃകയാണ് ലൈഫോളജി മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ട് വിദഗ്ധര്‍ നയിക്കുന്ന ശില്പശാലകള്‍, സംവേദനാത്മക സെഷനുകള്‍, ചര്‍ച്ചകള്‍, വിദ്യാര്‍ത്ഥികളുടെ കഴിവുകളുടെ പ്രദര്‍ശനം തുടങ്ങിയവയാണ് നാഷണല്‍ ഗൈഡന്‍സ് ഫെസ്റ്റിവലിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നത്. അഞ്ച് രാജ്യങ്ങളിലെ 15 ലധികം നഗരങ്ങളിലായാണ് അടുത്ത അഞ്ച് മാസത്തിനുള്ളില്‍ നാഷണല്‍ ഗൈഡന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.