മരുഭൂ മലയിലെ സൂര്യാസ്തമയം

Articles

യാത്ര/ടി കെ ഇബ്രാഹിം

‘യാനസ് മൗണ്ടിന്റെ ‘ മുകള്‍ തട്ടില്‍ റാസല്‍ ഗൈമ പട്ടണത്തിനഭിമുഖമായി രാത്രി തങ്ങാനുള്ള ടെന്റുകളൊരുക്കി. സസ്യാവരണമില്ലാത്ത കല്‍ കൂമ്പാരത്തിനു മേലുള്ള രാത്രിവാസം തെല്ല് സാഹസികമാണ്. എങ്കിലും പതിവിനു വിപരീതമായി തണുപ്പ് അതികഠിനമല്ലാത്ത ഡിസംബര്‍ മാസത്തിലെ അവധി ദിനങ്ങളില്‍ ചിലരെങ്കിലും നഗരത്തില്‍ നിന്നെത്തി ടെന്റടിച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ചും, ശൂന്യവും ഏകാന്തവുമായ രാവിന്റെ വിശ്രാന്തി അനുഭവിച്ചറിഞ്ഞും ഒരു രാത്രി തങ്ങാനിഷ്ടപ്പെടുന്നു.

സൂര്യസ്തമയവും ഉദയവും കണ്ട് വിസ്മയപ്പെട്ടും മഞ്ഞും കുളിരുമണിഞ്ഞും കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പമുള്ള ഈ വ്യതിരിക്താനുഭവം ഓര്‍മ്മയില്‍ തങ്ങും. തീര്‍ച്ച. വന്യപ്രകൃതിയെ അടുത്തറിയാനുള്ള കുഞ്ഞുങ്ങളിലെ ജിജ്ഞാസയും നിരീക്ഷണ ബോധവും ഇതുവഴിവര്‍ദ്ധിക്കുന്നു.

രാത്രിയിലെ ഉയരങ്ങളില്‍ നിന്നുമുള്ള റാസല്‍ ഗൈമ പട്ടണക്കാഴ്ചകള്‍ക്ക് സെല്‍ഫോണിന്റെ ക്യാമറ കൊണ്ട് ദൃശ്യ പൊലിമ നല്‍കാനാവില്ല. വ്യത്യസ്ഥ ഭാവങ്ങള്‍ തേടിയലയാനുള്ള മനസ്സിന്റെ വെമ്പലില്‍ ഇതും ഒരിടത്താവളം.