നിരീക്ഷണം / ഡോ.ആസാദ്
‘ഈ പടത്തിലെ പെണ്‍കുട്ടി’ ഒരു കവിതയാണ്. അനിതാതമ്പി എഴുതി മാതൃഭൂമിയുടെ ഫ്രെയ്മില്‍ പതിച്ചത്. മുമ്പ് പൊലീസും മാദ്ധ്യമവും വയനാടന്‍ കാട്ടില്‍ വരച്ച ചിത്രത്തിന്റെ മിഴിവുള്ള തുടര്‍ ചിത്രം.
ആ ഫ്രെയ്മിനെക്കുറിച്ച് അനിത തമ്പി പറയുന്നു. ‘ഈ പടത്തില്‍ അവളൊഴിച്ചുള്ളോര്‍/ ഒറ്റ നില്‍പ്പാണനക്കമില്ലാതെ’. അവളോ, ഈ പടം വിട്ടിറങ്ങി നടന്നു. ‘വക്കുനീളെ പുഴു കാര്‍ന്നു തിന്നും/ പച്ചിലപോലിരിക്കുമീ മണ്ണില്‍/ നോവു തീണ്ടിയ നേരങ്ങള്‍ തോറും/ ഒച്ച വെച്ചു, കൈ ചൂണ്ടി, വിറച്ചു/ തീപിടിച്ചപോലോടി നടന്നു’.
അവളെ കുരുക്കാന്‍ പണിത ഫ്രെയ്മില്‍ അവരെയാകെ കുരുക്കി അവള്‍ ഇറങ്ങി നടന്നു. അവള്‍ വളര്‍ന്നു ചരിത്രമായി. കൂര്‍ത്തു കുത്തിപ്പറിക്കുന്ന നോട്ടവും കൊന്നു തിന്നാന്‍ കൊതിച്ചുള്ള നില്‍പ്പും മീശയും പേശിയും തോക്കും ഉദ്ധരിക്കുന്ന ലാത്തിയും ഒന്നും അന്നത്തെ പടംവിട്ടിറങ്ങിയില്ല. ഒട്ടും വളര്‍ന്നില്ല. ഇന്നും മര്‍ദ്ദകവേഷങ്ങള്‍ അതേപടി. പൊലീസായാലും പുരുഷനായാലും അവരെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഭരണകൂടമായാലും പ്രകടരൂപം അതേ നില്‍പ്പാണ്.
അജിതയുടെ യാത്രാഭൂപടം സ്ത്രീപോരാട്ടങ്ങളുടെ ചരിത്രപഥമാണ്. വിമോചന രാഷ്ട്രീയത്തിന്റെ കേറ്റിറക്കങ്ങളാണ്. അത് നിശ്ചലതയല്ല. കാട്ടുവീര്യത്തിന്റെ പടര്‍ന്നാളിയ വിത്താണ്. ചരിത്രത്തിന്റെ ഫ്രെയ്മില്‍ നിശ്ചലഛായയാക്കാനുള്ള ഭരണകൂട ശ്രമങ്ങളെ വെന്നവളാണ്. ‘കൊച്ചുപെണ്ണവള്‍ നിന്നിടം കാണാ/ ദിക്കിലേക്ക് തുറക്കുന്ന വാതില്‍’ എന്ന് അനിത എഴുതുന്നു.
കേരളത്തിലെ നക്‌സലൈറ്റ് രാഷ്ട്രീയം പാര്‍ലമെന്ററി വിപ്ലവങ്ങളൊന്നും ജയിച്ചില്ലെങ്കിലും അതിന്റെ ഗാഢമായ മുദ്രകള്‍ സാംസ്‌കാരിക ഭാവുകത്വത്തിലും സ്ത്രീ മുന്നേറ്റത്തിലും പതിഞ്ഞിട്ടുണ്ട്. ഇപ്പോഴും ആ രാഷ്ട്രീയ അന്വേഷണത്തിന്റെയും ജാഗ്രതയുടെയും കനലുകളാണ് ആളുന്നത്. വയനാട്ടിലെ പൊലീസ് വേട്ടകളും അടിയന്തരാവസ്ഥയിലെ തുടര്‍ച്ചകളും അവസാനിപ്പിച്ചിട്ടില്ല വിമോചന രാഷ്ട്രീയ സ്വപ്നങ്ങളെ. അവ പലതായി പലരിലായി കേരളീയ ജീവിതത്തിന്റെ ദിശ നിര്‍ണയിക്കുന്നു. അജിത ആ വിത്തില്‍ പൊട്ടിയ വൃക്ഷമാണ്. വയനാടന്‍ വിത്തിന്റെ വീറാണ്.
അനിതാ തമ്പി എത്ര മനോഹരമായാണ് കാലത്തിന്റെ /രാഷ്ട്രീയത്തിന്റെ ഫ്രെയ്മില്‍ ആ ചിത്രത്തിന്റെ വികാസം വരച്ചിടുന്നത്! കവിതയെ അതിന്റെ പ്രഭാവലയത്തില്‍ ചേര്‍ത്തു നിര്‍ത്തുന്നത്! വായിക്കണം ഈ കവിത. ചരിത്രത്തെ മുഖാമുഖം കാണണം. അതുവഴി കവിതയുടെ വര്‍ത്തമാനവും അറിയാം. അജിതക്കും അനിതക്കും അഭിവാദ്യം.