സംസ്ഥാനത്തെ ആദ്യ യൂണിറ്റി മാള്‍ ഉടന്‍: വ്യവസായ മന്ത്രി

Kerala

തിരുവനന്തപുരം: ഭൗമസൂചികയുള്ള ഉത്പന്നങ്ങളുള്‍പ്പെടെ പ്രാദേശിക ഉത്പന്നങ്ങള്‍ക്കായി സംസ്ഥാനത്തെ ആദ്യത്തെ യൂണിറ്റി മാള്‍ ഉടന്‍ തുടങ്ങുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. സൂക്ഷ്മചെറുകിടഇടത്തരം സംരംഭങ്ങളുടെ എല്ലാ താത്പര്യങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളീയം പരിപാടിയോടനുബന്ധിച്ച് വ്യവസായവാണിജ്യ വകുപ്പ് നടത്തിയ ബിടുബി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടെക്‌നോപാര്‍ക്കിലാണ് യൂണിറ്റി മാള്‍ വരുകയെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന വേള്‍ഡ് ഫുഡ് ഇന്ത്യ 2023 ല്‍ മന്ത്രിസഭ അംഗീകരിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരവരുടെ ഉത്പന്നങ്ങള്‍ യൂണിറ്റി മാളില്‍ പ്രദര്‍ശിപ്പിക്കാനാകും. ഒരുജില്ല ഒരുത്പന്നം പദ്ധതി പ്രകാരമുള്ളവയ്ക്കും യൂണിറ്റി മാളില്‍ വില്‍പന അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങളിലെ ഒരു ജില്ല ഒരുത്പന്നം, ഭൗമസൂചിക ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയ്ക്കായി കഴിഞ്ഞ കേന്ദ്രബജറ്റിലാണ് യൂണിറ്റി മാള്‍ (ഏകതാ മാള്‍) എന്ന ആശയം മുന്നോട്ടു വച്ചത്. ഇതിനു പുറമെ എംഎസ്എംഇ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനായി അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷം കൊണ്ട് 140,000 സംരംഭങ്ങള്‍ ആരംഭിച്ച് ചരിത്രം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇതിനു പുറമെയാണ് എംഎസ്എംഇ ക്ലിനിക്കുകള്‍, ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയുള്ളത്.

ഉത്പന്നങ്ങളുടെ വിപണനസാധ്യതകള്‍ ബിടുബി മീറ്റിലൂടെ വര്‍ധിക്കും. അടുത്ത കേരളീയം പരിപാടി മുതല്‍ ബിടുബി മീറ്റും ട്രേഡ് ഫെയറും പ്രധാന ആകര്‍ഷണമാകും. നിലവിലെ പ്രദര്‍ശനത്തില്‍ സംസ്ഥാനത്തു നിന്നുള്ള 36 ഭൗമസൂചിക ഉത്പന്നങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.

കഴിഞ്ഞ കൊല്ലം ആരംഭിച്ച 140,000 സംരംഭങ്ങളിലൂടെ 8000 കോടി രൂപയുടെ നിക്ഷേപവും മൂന്ന് ലക്ഷം തൊഴിലവസരവും ഉണ്ടായതായി ചടങ്ങില്‍ സ്വാഗതം പറഞ്ഞ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ചൂണ്ടിക്കാട്ടി. എംഎസ്എംഇകള്‍ക്ക് വിപണനസാധ്യത തുറന്നു നല്‍കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനത്തുടനീളം ഇത്തരം ബിടുബി മീറ്റുകള്‍ നടത്തണം. വിദൂര സ്ഥലങ്ങളിലുള്ള വിപണികളെ ലക്ഷ്യമിട്ട് ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) യുമായി ചേര്‍ന്ന് ആശാവഹമായ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും സുമന്‍ ബില്ല പറഞ്ഞു.

കേരളീയത്തിന്റെ എട്ട് വേദികളിലായി വ്യവസായ വകുപ്പിന് 400 സ്റ്റാളുകളാണുള്ളത്. പുത്തരിക്കണ്ടം മൈതാനത്തില്‍ മാത്രം 140 സ്റ്റാളുകളുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും നൂറിലധികം ബയര്‍മാര്‍ കേരള ഉത്പന്നങ്ങള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ഉത്പന്നത്തിന്റെ വികാസത്തിനും വില്‍പനയ്ക്കും യൂണിറ്റി മാളും അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററും വഴിവയ്ക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. കാമ്പസുകളും വ്യവസായങ്ങളും തമ്മിലുള്ള സഹകരണത്തോടെ മികച്ച മനുഷ്യവിഭവ ശേഷി രൂപപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ഐഡിസി എം ഡി എസ് ഹരികിഷോര്‍ നന്ദി പ്രകാശിപ്പിച്ചു.

ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അജിത് കുമാര്‍ കെ, കിന്‍ഫ്ര എം ഡി സന്തോഷ് കോശി തോമസ്, സിഐഐ കേരള മുന്‍ ചെയര്‍മാന്‍ എം ആര്‍ നാരായണന്‍, എഎസ്എസ്‌ഐഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഫസലുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

സംസ്ഥാനത്തു നിന്നും വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രീമിയം ഉത്പന്നങ്ങളാണ് വ്യവസായമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. 1961 മുതലുള്ള സംസ്ഥാനത്തിന്റെ വ്യവസായ നേട്ടങ്ങള്‍ പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്.

എംഎസ്എംഇകള്‍ക്ക് വ്യവസായ ബന്ധങ്ങള്‍ സ്ഥാപിക്കുക, അവസരങ്ങള്‍ ലഭ്യമാക്കുക, വിജ്ഞാനം പങ്ക് വയ്ക്കല്‍, മികച്ച സാങ്കേതിക വിദ്യയിലേക്കും വിഭവശേഷിയിലേക്കുമുള്ള അവസരം, വിപണി സാധ്യതകള്‍ വിപുലീകരിക്കുക എന്നിവയാണ് ബിടുബി മീറ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്.