സംഘപരിവാറിന്‍റെ അഴിമതി വിരുദ്ധതാ പ്രസംഗം വേശ്യയുടെ സദാചാര പ്രസംഗമാണ്

Articles

വിപല്‍ സന്ദേശം/ സി ആര്‍ പരമേശ്വരന്‍

കഴിഞ്ഞ കൊല്ലം ബിബിസിയെ റെയ്ഡ് ചെയ്യുക വഴി അങ്ങിനെ ഭാരതത്തിലെ അവസാനത്തെ നിയമലംഘകനെയും പാഠം പഠിപ്പിച്ചു!

ബിബിസിയിലെ സാമ്പത്തിക ക്രമക്കേടിനെതീരെ റെയ്ഡ് നടത്തിയതിനെ അല്ല കുറ്റപ്പെടുത്തിയത്. അതിന്റെ ടൈമിംഗിനെ ആണ്. മോദിക്കെതിരെ വാര്‍ത്ത വന്ന ആഴ്ചയില്‍ തന്നെ ബിബിസി യെ റെയ്ഡ് നടത്തിയതിനെ കുറിച്ചാണ്. അതിനര്‍ത്ഥം,ബിബിസിയുടെ സാമ്പത്തിക കുറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കയ്യില്‍ വെച്ച് കൊണ്ട് പാര്‍ട്ടിക്കും വ്യക്തിക്കും ആപല്‍ക്കരമായ വാര്‍ത്ത വന്നപ്പോള്‍ മാത്രം റെയ്ഡ് ചെയ്യുകയായിരുന്നു എന്നാണ്. സെലക്ടീവ് റെയ്ഡുകള്‍ ആരെയും റെയ്ഡ് ചെയ്യാത്തതിനേക്കാള്‍ ധാര്‍മികമായി മോശമാണ്.

അല്ലെങ്കില്‍ തന്നെ ബിജെപിയുടെ അഴിമതി വിരുദ്ധത കേമമാണ്. രാജ്യത്തെ സകല സാമ്പത്തിക നിയമങ്ങളും തെറ്റിച്ചിട്ടുള്ള അദാനി വിശ്വ ഹിന്ദുപരിഷത്ത് പോലെ ഒക്കെ പ്രധാനപ്പെട്ട ഒരു സംഘപരിവാര്‍ ഘടകമാണ് എന്ന് പോലും പറയാം. അയാളുടെ കല്‍ക്കരി കുംഭകോണം നിജമായ ഒരു അഴിമതിയാണ്.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന അശോക്ചവാന്‍ മഹാരാഷ്ട്രയിലെ ഹീനനായ അഴിമതിക്കാരനാണ്. കാര്‍ഗില്‍ സമരസേനാനികള്‍ക്കുള്ള ആദര്‍ശ് ഫ്‌ലാറ്റ് തട്ടിയെടുത്ത അയാള്‍ ബിജെപിയില്‍ വന്നതോടെ വിശുദ്ധനായി. സംഘപരിവാര്‍ സവിശേഷരായ ദേശസ്‌നേഹികള്‍ ആയതുകൊണ്ട് സൈനിക ബലിദാനികളെ വഞ്ചിച്ചവനെ സ്വീകരിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

ഒന്നേകാല്‍ ലക്ഷം കോടിയുടെ അഴിമതി ആരോപണമാണ് അജിത്ത് പവാറിനെതിരെ. അയാളും സംഘി പക്ഷം ചേര്‍ന്ന് വിശുദ്ധനായി.

അങ്ങിനെ എത്രയെത്ര പേര്‍!

കേരളത്തില്‍ ജോയ് ആലുക്കാസിനെയും മണപ്പുറത്തെയും ഇപ്പോള്‍ ഹിംസിക്കും എന്നു പറഞ്ഞാണ് റെയ്ഡുകള്‍ നടത്തിയത്. എന്തു സംഭവിച്ചു എന്ന് എല്ലാവര്‍ക്കും അറിയാം.

കാരണഭൂതന്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത്, ഹവാലാ, ലൈഫ് മിഷന്‍ എന്നിവയില്‍ തെളിവു കിട്ടിയിട്ടില്ല,തെളിവു കിട്ടിയിട്ടില്ല എന്നാണ് കേരള സംഘികള്‍ പറയുന്നത്. അന്വേഷിച്ചാല്‍ അല്ലേ തെളിവ് കിട്ടൂ . ഭൂതന് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ല. പറയുമ്പോള്‍ അയാളാണ് ലൈഫ് മിഷന്‍ ചെയര്‍മാന്‍.ഭൂതനിലേക്കുള്ള വാതായനമായ സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ സ്വാമി എം. ഇടപെട്ടതിനാല്‍ ഒറ്റ ദിവസം കൊണ്ട് തീര്‍ത്തു. എമ്മിന് കമ്മികളുടെ വക നാലേക്കര്‍. സംഘികളുടെ വക ഒരു സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവി.

ചുരുക്കത്തില്‍ സംഘപരിവാറിന്റെ അഴിമതി വിരുദ്ധതാ പ്രസംഗം വേശ്യയുടെ സദാചാര പ്രസംഗമാണ്.