പ്രവിത്താനം: സിനിമാനടനും വോളിബോള്‍താരവും എം എല്‍ എ യുമായ മാണി സി കാപ്പനെ ഷെഫിന്റെ വേഷത്തില്‍ കണ്ടപ്പോള്‍ കുട്ടികള്‍ക്ക് അത്ഭുതവും അമ്പരപ്പും. പിന്നെ എം എല്‍ എ യുടെ പുതിയ വേഷപ്പകര്‍ച്ച കുട്ടികള്‍ക്ക് കൗതുകമായി മാറി. സിനിമാ നടന്‍ കൂടിയായ കാപ്പനാകട്ടെ ഈ വേഷപ്പകര്‍ച്ച ഹരമാകുകയും ചെയ്തു.

പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയ കേക്ക് മിക്‌സിംഗ് സെറിമണിയോടനുബന്ധിച്ചാണ് മാണി സി കാപ്പന്‍ എം എല്‍ എ ഷെഫിന്റെ വേഷമണിഞ്ഞത്. കേരളത്തിലെ പ്രമുഖ കേക്ക് നിര്‍മ്മാതാക്കളായ തൊടുപുഴയിലെ ‘ദ വെല്‍വെറ്റ് കേക്ക്‌സ്’ ആണ് പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കേക്ക് മിക്‌സിംഗ് സെറിമണി സംഘടിപ്പിച്ചത്. പ്രത്യേകം സജ്ജീകരിച്ച പ്ലാറ്റ്‌ഫോമിലേയ്ക്ക് വിവിധയിനം െ്രെഡ ഫ്രൂട്ട്‌സും വൈനും ചേര്‍ത്താണ് മിക്‌സ് ചെയ്തത്. ചടങ്ങ് ഹൃദ്യവും കുട്ടികള്‍ക്കു പുതുമയുള്ള അനുഭവുമായി മാറി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ ഷെഫിന്റെ വേഷത്തിലും ഒപ്പം വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരും ചടങ്ങില്‍ പങ്കാളികളായി.

സ്‌കൂള്‍ മാനേജര്‍ ഫാ ജോര്‍ജ് വേളൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. മാണി സി കാപ്പന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍, ഹെഡ്മാസ്റ്റര്‍ അജി വി ജെ, പി ടി എ പ്രസിഡന്റ് ജിസ്‌മോന്‍ ജോസ്, വെല്‍വെറ്റ് കേക്ക്‌സ് മാനേജിംഗ് ഡയറക്ടര്‍ അനീഷ് ടി ജേക്കബ്, ജിനു ജെ വല്ലനാട്ട് എന്നിവര്‍ പ്രസംഗിച്ചു.