വീണ്ടും ഷോക്ക്; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

Kerala

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 25 മുതല്‍ 40 ശതമാനം വരെ കൂട്ടണമെന്നായിരുന്നു നേരത്തെ കെ എസ് ഇ ബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നിലവില്‍ 20 ശതമാനമാണ് പരമാവധി കൂട്ടിയിരിക്കുന്നത്. നേരത്തെ 2022 ജൂണിലാണ് വൈദ്യുതി നിരക്ക് കൂട്ടിയിരുന്നത്. അനാഥാലയങ്ങള്‍, വ്യദ്ധസദനങ്ങള്‍, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിരക്ക് വര്‍ധന ബാധകമല്ല. നിരക്ക് വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നതിന് റഗുലേറ്ററി കമ്മിഷന്‍ ചൊവ്വാഴ്ച അടിയന്തര യോഗം ചേര്‍ന്നെങ്കിലും ഉത്തരവിറക്കാതെ പിരിയുകയായിരുന്നു. നിലവിലുള്ള നിരക്കിന്റെ കാലാവധി ഒക്ടോബര്‍ 31ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിരക്കു തീരുമാനിക്കാന്‍ യോഗം ചേര്‍ന്നത്. നിരക്കുവര്‍ധന ഇന്നലെ നിലവില്‍ വരുന്ന രീതിയില്‍ ഉത്തരവിറക്കാനായിരുന്നു തീരുമാനം. യോഗത്തിനിടെ കമ്മീഷന്‍ അംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ തീരുമാനം മാറ്റിയതായി കമ്മിഷന്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പുതിയ നിരക്ക് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നുവെന്ന് ഉത്തരവ് ഇറക്കുകയായിരുന്നു.