കോഴിക്കോട്: ഭരതനാട്യത്തിന്റെ ചുവട് തെറ്റിച്ചതിന് ആറാംക്ലാസുകാരി നൃത്താധ്യാപകനില്‍ നിന്നും ഏറ്റുവാങ്ങിയത് ക്രൂരപീഡനം. കലോത്സവ വേദിയിലേക്ക് കുട്ടികളെ വറുത്തെടുക്കാനുള്ള പരിശീലനങ്ങള്‍ നാടെങ്ങും നടക്കുമ്പോളാണ് കോഴിക്കോട്ടെ ഒരു നൃത്താധ്യാപകനില്‍ നിന്നും കുഞ്ഞു നര്‍ത്തകി കൊടിയ പീഢനത്തിനിരയായത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ കേസെടുത്ത മനുഷ്യാവകാശന്‍ ആക്ടംങ് ചെയര്‍മാന്‍ ബൈജുനാഥ് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ ടൗണ്‍ അസി.കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സി.ബി.എസ്.സി കലോത്സവത്തിനായുള്ള അവസാനതെയ്യാറെടുപ്പിനിടെ ഭരതനാട്യത്തിന്റെ ചുവട് തെറ്റിച്ചതിനാണ് കൈക്കും കാലിനും ചൂരല്‍ പ്രയോഗിക്കുകയും കൈത്തണ്ടയില്‍ നുള്ളി മുറിവേല്‍പിക്കുകയും ചെയ്തത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ എരഞ്ഞിക്കലിലെ സമര്‍പണ ഫൈനാര്‍ട്‌സിലെ നൃത്താധ്യാപകന്‍ സഹേഷിനെതിരെയാണ് കേസ്. എലത്തൂര്‍ പൊലീസും കേസെടുത്ത് അന്വേഷമം തുടങ്ങിയിട്ടുണ്ട്.
വെള്ളിമാട് കുന്ന് ഇരിങ്ങാടം പള്ളി സ്വദേശിനിയാണ് പരാതിക്കാരി. ആറാം ക്ലാസില്‍ പഠിക്കുന്ന മകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇവിടെയാണ് നൃത്തം അഭ്യസിക്കുന്നത്. സഹോദയ സി.ബി.എസ്.സി ജില്ലാതലമത്സരത്തില്‍ ഭരതനാട്യത്തിലും നാടോടി നൃത്തത്തിലുമാണ് കുട്ടി പങ്കെടുക്കുന്നത്. ഇതില്‍ ഭരതന്യാട്യത്തിന്റെ പരിശീലന് എത്തയപ്പോഴാണ് സംഭവമെന്ന് മാതാവ് പറയുന്നു. ഒക്ടോബര്‍ 27ന് വൈകീട്ട് ആറുമുതല്‍ ഏഴുവരെയായിരുന്നു പരിശീലനം. നൃത്തതിനിടെ ചുവട് തെറ്റിയപ്പോള്‍ മുറിയടച്ചിട്ട് മകളെ മര്‍ദിച്ചു. ചൂരലുകൊണ്ട് ഇരുകൈത്തണ്ടകളിലും കലിനും കൈവള്ളയിലും അടിച്ചു. കൂടാതെ ഇരുകക്ഷങ്ങളിലും നുള്ളി മുറിവേല്‍പിച്ചു. പരിശീലനം കഴിഞ്ഞിറങ്ങുമ്പോള്‍ കരഞ്ഞുകൊണ്ടാണ് മകള്‍ ഓടിവന്നത്. ദേഹത്ത് പരിക്ക് കണ്ടതോടെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരുന്ന് നല്‍കുകയും മണിക്കൂറുകളോളം നീരീക്ഷണത്തില്‍ നിര്‍ത്തിയുമാണ് ഡോക്ടര്‍മാര്‍ വിട്ടത്. പിന്നീട് കുട്ടി ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് കരയാന്‍ തുടങ്ങിയതോടെ പിറ്റേന്ന് തന്നെ ഒരു കൗണ്‍സിലറെ കാണിച്ചു. തുടര്‍ന്നാണ് പൊലീസിലും മനുഷ്യാവകാശകമ്മീഷനും പരാതി നല്‍കിയതെന്നും മാതാവ്.