സാമ്പത്തിക പ്രതിസന്ധിയും വികസനമില്ലായ്മയും മറച്ചു പിടിക്കാന്‍ സി പി എം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നു

Kozhikode

കോഴിക്കോട്: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും വികസനമില്ലായ്മയും മറച്ചു പിടിക്കാനാണ് സര്‍ക്കാരും സി പി എമ്മും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ എടുത്ത കേസുകളെ നെഞ്ചുവിരിച്ച് ബി.ജെ.പി നേരിടുമെന്നും കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

എല്ലാ പ്രശ്‌നങ്ങളെയും വര്‍ഗീയ വത്കരിച്ച് രക്ഷപ്പെടാനാണ് സി.പി.എമ്മും സര്‍ക്കാരും ശ്രമിക്കുന്നത്. മുന്‍കാലങ്ങളില്‍ തിരഞ്ഞെടുപ്പ് ലാക്കാക്കി സദ്ദാം ഹുസ്സൈന്‍ സിന്ദാബാദ് വിളിച്ചവര്‍ ഇപ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിനായാണ് പലസ്തീന്‍ പ്രശ്‌നം പൊക്കിക്കൊണ്ടുവരുന്നത്. സി.പി.എം ആഗ്രഹിക്കുന്ന വഴിയേ പോകുന്ന പ്രതിപക്ഷമാണ് ഇവിടെയുളളതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്. സംസ്ഥാന വിഹിതം ഇല്ലാത്തതിനാല്‍ തൊഴിലുറപ്പ് പദ്ധതികൂലിയിലും ജലജീവന്‍ മിഷന്‍ പദ്ധതിയിലും ഉച്ചക്കഞ്ഞിയിലും നെല്‍കൃഷി സംഭരണത്തിലും മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകള്‍ നല്‍കുന്നതിലും പ്രതിസന്ധിയാണ്. എല്ലാ മേഖലയിലും സര്‍ക്കാര്‍ നികുതി കൂട്ടുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിഹിതം നല്‍കുന്നില്ല. അതേ സമയം കുത്തകകളില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള 70,000 കോടി രൂപ ഇതുവരെ പിരിക്കുന്നില്ല. ഇവരുമായി അധികൃതര്‍ ഒത്തുകളിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഈ കുടിശ്ശിക എന്താണ് പിരിച്ചെടുക്കാത്തതെന്ന് ധനമന്ത്രി വ്യക്തമാക്കണം.

സംസ്ഥാനം കടക്കെണിയിലായപ്പോള്‍ അതിനെ മറച്ചുപിടിക്കാന്‍ സംസ്ഥാനം സര്‍ക്കാര്‍ ആഘോഷം നടത്തുകയാണ്. പരിപാടികളില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ക്ക് താലപര്യമില്ലാത്തതുകാരണമാണ് ഉദ്യോഗസ്ഥരോട് ലീവടെുത്ത് കുടുംബ സമേതം പരിപാടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുംകമലഹാസനും വന്നാല്‍ മാത്രമേ സര്‍ക്കാര്‍ പരിപാടി ആളുകള്‍ തിരിഞ്ഞുനോക്കൂ വെന്നായി മാറിയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.