കോഴിക്കോട്: വ്യാജ രേഖ ചമച്ച കേസിലെ പ്രതി മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച വടകര കുട്ടോത്ത് സ്വദേശി രാഘവനെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വാട്ടര്‍ അതോറിറ്റിയില്‍ നിന്നും വിരമിച്ച രാഘവന്‍ സി പി എം പോഷക സംഘടനയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നും സി പി എമ്മിന് വേണ്ടിയാണ് പൊലീസ് അന്വേഷിക്കുന്ന പ്രതിയാണെന്ന് അറിഞ്ഞിട്ടും വിദ്യയെ വീട്ടില്‍ താമസിപ്പിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. പ്രതിയെ ഒളിപ്പിച്ചതിലൂടെ ഇന്ത്യന്‍ ശിക്ഷ നിയമം 346, 340, 343, 344 വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷാര്‍ഹമായ കുറ്റമാണ് ചെയ്തിട്ടുള്ളത്. രാഘവനും മകന്‍ റോവിത് കുട്ടോത്തുമാണ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ചതെന്ന് വ്യക്തമായിട്ടും നടപടി എടുക്കാതെ ഇവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്.
പരാതി വടകര പൊലീസ് എസ് എച്ച് ഒയ്ക്ക് ക്രിമിനല്‍ നടപടി നിയമ പ്രകാരം അയച്ചു നല്‍കി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നടപടിയുണ്ടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് റൂറല്‍ എസ്പിക്ക് ഡി സി സി പരാതി നല്‍കിയിട്ടും നടപടിയെടുത്തിരുന്നില്ല. തുടര്‍ന്നാണ് ഇന്നലെ കോടതിയെ സമീപിച്ചത്.