പിണറായി സര്‍ക്കാറിന്‍റേത് അനാവശ്യ ധൂര്‍ത്ത്: യുവജനതാദള്‍

Kozhikode

കോഴിക്കോട്: തലസ്ഥാന നഗരിയിലടക്കം ഓട കോരിയ തൊഴിലാളികള്‍ക്ക് വേതനം നല്‍കാതെയും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ചെയ്ത ജോലിക്ക് ശമ്പളം നല്‍കാതെയും നെല്ലിന്റെ വില നല്‍കാതെ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സര്‍ക്കാര്‍ കേരളീയമെന്ന പേരില്‍ നടത്തുന്ന ധൂര്‍ത്ത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് നാഷണല്‍ യുവജനതാദള്‍ സംസ്ഥാന കമ്മറ്റി. വിദ്യാലയങ്ങളിലെ ഉച്ചക്കഞ്ഞി വിതരണത്തിനു പോലും സാമ്പത്തികം നല്‍കാതെ പ്രതിസന്ധിയിലാകുമ്പോഴാണ് പിണറായി വിജയന്‍ സര്‍ക്കാറിന്റെ കേരളീയമെന്ന പേരിലുള്ള ധൂര്‍ത്തെന്നും നാഷണല്‍ യുവജനതാദള്‍ സംസ്ഥാന കമ്മറ്റി ആരോപിച്ചു.

1500 കോടി രൂപയില്‍ അധികം കുടിശ്ശിക വരുത്തിയതിനാല്‍ സപ്ലൈകോ വിതരണക്കാര്‍ മാസങ്ങളായി ടെണ്ടറില്‍ പോലും പങ്കെടുക്കുന്നില്ല. ആരോഗ്യ രംഗത്തെ അവസ്ഥ ഇത്ര പരിതാപകരമായ സാഹചര്യം ഇതിന് മുമ്പൊരിക്കലും കേരളം കണ്ടിട്ടില്ല. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യ മരുന്നുകള്‍ പോലും ഫാര്‍മസിയില്‍ നിന്നും ലഭ്യമാകാത്ത അവസ്ഥയാണ്.

ഈ സാഹചര്യത്തില്‍ തലസ്ഥാനത്ത് കോടികള്‍ ചിലവഴിച്ച് നടത്തുന്ന ആര്‍ഭാടം ആര്‍ക്കുവേണ്ടിയാണെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് എ പി യൂസഫ് അലി മടവൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ യുവജനതാദള്‍ സംസ്ഥാന കമ്മറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ബിശ്വാസ് എസ് നായര്‍, അഖില്‍ നെല്ലാച്ചേരി, ജെയ്‌സണ്‍ ഉതുംകുഴിയില്‍, ആരോമല്‍ കൊല്ലം, അഡ്വ: അഫ്‌സല്‍, സുരേഷ് ആലപ്പുഴ എന്നിവര്‍ സംസാരിച്ചു.