സുമ പള്ളിപ്രം രചിച്ച ബാലസാഹിത്യ കൃതിയുടെ അറബി വിവര്‍ത്തനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഡോ. ഹുസൈന്‍ മടവൂര്‍ പ്രകാശനം ചെയ്തു

Gulf News GCC

ഷാര്‍ജ: പഴയ വൈത്തിരി സ്വദേശിനി സുമ പള്ളിപ്രം രചിച്ച എന്റെ സ്വകാര്യ ദുഃഖം എന്ന ബാലസാഹിത്യ കൃതിയുടെ അറബി വിവര്‍ത്തന പ്രകാശനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ KMCC സ്റ്റാളില്‍ പ്രമുഖ അറബി ഭാഷാ പണ്ഡിതനും കൊല്ലം ശ്രീനാരായണ ഗുരു ഓപ്പന്‍ യൂണിവേഴ്‌സിറ്റി അറബിക് അക്കാദമിക് കമ്മിറ്റി ചെയര്‍മാനുമായ ഡോ.ഹുസൈന്‍ മടവൂര്‍ നിര്‍വ്വഹിച്ചു. ഹസിന്‍സ്‌പെക്ട് ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയരക്ടര്‍ അബൂ ഷമീര്‍ ( നാട്ടിക ) ഏറ്റു വാങ്ങി.

സ്വയം ആനയായി സങ്കല്‍പിച്ച് ആനകളുടെ ജീവിത ദുഃഖങ്ങള്‍ വിവരിക്കുന്ന ഈ ബാലസാഹിത്യ കൃതിക്ക് ആന സ്വയം കഥ പറയുന്നു എന്ന അര്‍ത്ഥത്തില്‍ അല്‍ ഫീലു യഹ് കീ അന്‍ ഹയാതിഹി എന്നാണ് അറബിയില്‍ നാമകരണം ചെയ്തിരിക്കുന്നത്. ഡോ. ഷക്കീര്‍ വാണിമേല്‍ മൊഴിമാറ്റം നടത്തിയ കൃതി കെ വി ഷറഫുദ്ദീന്‍ ബാഖവിയാണ് എഡിറ്റ് ചെയ്തിട്ടുള്ളത്. കോഴിക്കോട്ടെ ഷറഫീ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍. വചനം സിദ്ധീഖ് , ശറഫുദ്ദീന്‍ ബാഖവി, കെ എം സി സി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നേരത്തെ മലയാളത്തില്‍ ഈ പുസ്തകം പ്രകാശനം ചെയ്തത് എം പി വീരേന്ദ്രകുമാര്‍ ആണ്.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, പഞ്ചാബി ഭാഷകളിലും കൂടാതെ ആറ് ഗോത്ര ഭാഷകളിലും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രഞ്ച്, കന്നട, സംസ്‌കൃതം, ഉര്‍ദു ഭാഷകളില്‍ വിവര്‍ത്തനം പൂര്‍ത്തിയായിക്കഴിഞ്ഞു. അവ ഉടന്‍ പ്രസിദ്ധീകരിക്കും. കുട്ടികളില്‍ മൃഗങ്ങളോടും മറ്റ് ജീവികളോടും സ്‌നേഹവും അനുകമ്പയും വളര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു ബാലസാഹിത്യ പ്രവര്‍ത്തനമാണ് സുമ പള്ളിപ്രം നിര്‍വ്വഹിച്ചതെന്നും ഈ മലയാള സാഹിത്യകാരിയുടെ മൃഗ വാത്സല്യവും കരുണയും അറബ് ലോകമറിയട്ടെയെന്നും ഡോ. ഹുസൈന്‍ മടവൂര്‍ ആശംസിച്ചു.