വാളല്‍ യു പി സ്‌കൂളിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷം; സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് നടത്തി

Wayanad

കോട്ടത്തറ: വാളല്‍ യു പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജും വാളല്‍ യു പി സ്‌കൂളും സംയുക്തമായി നടത്തിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ പ്രദേശത്തെ മുന്നൂറില്‍ അധികം പേര്‍ പങ്കെടുത്തു. കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഡി ജി എം സൂപ്പി കല്ലങ്കോടന്‍ മുഖ്യപ്രഭാഷണം നടത്തി.

ജീവിതശൈലി രോഗങ്ങളും മുന്‍കരുതലുകളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണം പ്രദേശവാസികള്‍ക്ക് ഏറെ പ്രയോജനമായി. വാളല്‍, മെച്ചന, പൊയില്‍, മാടക്കുന്ന്, കുഴിവയല്‍, വൈപ്പടി, വെണ്ണിയോട് തുടങ്ങിയ പ്രദേശങ്ങളിലെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ ഉള്‍പ്പെടെ ക്യാമ്പില്‍ പങ്കെടുത്തു. ജനറല്‍ മെഡിസിന്‍, ദന്തരോഗ വിഭാഗം, നേത്രരോഗ വിഭാഗം, ഇ എന്‍ ടി എന്നീ വിഭാഗങ്ങളിലാണ് ചികിത്സ നല്‍കിയത്. കൂടാതെ സൗജന്യമായി മരുന്നും പ്രഷര്‍, ഷുഗര്‍ ചെക്കപ്പും നടത്തി.

പ്രധാനാധ്യാപകന്‍ തോമസ് പി വര്‍ഗ്ഗീസ് സ്വാഗതം ആശംസിച്ച യോഗത്തില്‍ എം പി ടി എ പ്രസിഡന്റ് ജെറിറ്റ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ദേവപ്രിയ, അധ്യാപകരായ അനൂപ് കുമാര്‍ എസ്, എം കെ റീജ തുടങ്ങിയവരും ക്യാമ്പ് കോര്‍ഡിനേറ്റര്‍ രതീഷ് (വിംസ്) എന്നിവരും സംസാരിച്ചു. വാളല്‍ യു പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടികള്‍ക്ക് മെഡിക്കല്‍ ക്യാമ്പോടുകൂടി തുടക്കം കുറിച്ചു.