മുജാഹിദ് സംസ്ഥാന സമ്മേളനം: സൗദി ദേശീയ തല പ്രചാരണോദ്ഘാടനം ജിദ്ദയില്‍

Gulf News GCC

ജിദ്ദ: വെറുപ്പും വിദ്വേഷവും അപരവത്ക്കരണവും ശക്തമാവുന്ന സമകാല സാഹചര്യത്തില്‍ വിശ്വമാനവികതയുടെ സന്ദേശമുയര്‍ത്തി ”വിശ്വമാനവികതക്ക് വേദ വെളിച്ചം” എന്ന പ്രമേയത്തില്‍ ജനുവരി 25, 26, 27, 28 തിയതികളില്‍ മലപ്പുറം കൊണ്ടോട്ടിക്കടുത്ത കരിപ്പൂരില്‍ നടത്തുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ സൗദി ദേശീയ തല പ്രചാരണോദ്ഘാടനം സെപ്റ്റംബര്‍ ഒന്നിന് വെള്ളിയാഴ്ച ജിദ്ദയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഡോ. ജമാലുദ്ധീന്‍ ഫാറൂഖി ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയില്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറി ജാബിര്‍ അമാനി പ്രമേയ വിശദീകരണം നടത്തും. ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. ദേശീയ ഉദ്ഘാടനത്തിന് ശേഷം സൗദിയുടെ മധ്യമേഖല തലത്തിലും കിഴക്കന്‍ മേഖലയിലും പ്രചാരണ ഉദ്ഘാടനങ്ങള്‍ സംഘടിപ്പിക്കും. കൂടാതെ സൗദിയുടെ വിവിധ ഏരിയകളില്‍ മുന്നൊരുക്കം എന്ന പേരില്‍ പ്രവര്‍ത്തക സംഗമവും മറ്റു പ്രചാരണ പരിപാടികളും നടത്തുമെന്നും അവര്‍ പറഞ്ഞു.

മതഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ആതുര സേവന കേന്ദ്രങ്ങളും ഭിന്നശേഷിക്കാര്‍ക്കായുള്ള വിദ്യാഭ്യാസ തൊഴില്‍ പരിശീലന പുനരധിവാസ പദ്ധതികളുമായി സംസ്ഥാനത്തുടനീളം കര്‍മ സജ്ജമായ മുജാഹിദ് പ്രസ്ഥാനം വാര്‍ഷിക മഹാ സമ്മേളനങ്ങള്‍ അഞ്ച് വര്‍ഷത്തിലൊരിക്കലാണ് വിപുലമായി നടത്താറുള്ളത്. സ്ത്രീകളും കുട്ടികളുമടക്കം മൂന്ന് ലക്ഷത്തോളം പേര്‍ നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.

വൈജ്ഞാനിക മുന്നേറ്റത്തിലൂടെ കേരളീയ മുസ്‌ലിംകളെ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയില്‍ കണ്ണി ചേര്‍ക്കാന്‍ നേതൃത്വപരമായ പങ്കു വഹിച്ച പ്രസ്ഥാനമെന്ന നിലയില്‍ ഇന്നത്തെ കാലഘട്ടത്തിനനുസൃതമായ പ്രമേയമാണ് സമ്മേളന വിഷയമായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ”വിശ്വമാനവികതക്ക് വേദ വെളിച്ചം” എന്ന മാനവ ഐക്യ സന്ദേശം കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന് കരുത്തു പകരുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജിദ്ദ ഇസ്‌ലാഹി സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കെ.എന്‍.എം മര്‍കസുദ്ദഅവ സെക്രട്ടറി ജാബിര്‍ അമാനി, സൗദി സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ സലാഹ് കാരാടന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ജരീര്‍ വേങ്ങര എന്നിവര്‍ പങ്കെടുത്തു.