യന്ത്രങ്ങള്‍ തടവറ തീര്‍ക്കുക മാത്രമല്ല, ഗാസയിലെ കുഞ്ഞങ്ങളെ കൊല്ലുകയും ചെയ്യുന്നു

Articles

ചിന്ത / എസ് ജോസഫ്

നുഷ്യ സമൂഹം നില്‍ക്കുന്നത് മനുഷ്യേതര ജീവലോകത്തിനും യന്ത്ര ലോകത്തിനും ഇടയിലാണ്. യന്ത്രങ്ങള്‍ മനുഷ്യസൃഷ്ടികള്‍ ആണെങ്കിലും അവ നമ്മെ നിയന്ത്രിക്കുകയും യന്ത്രങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. ചാര്‍ലി ചാപ്ലിന്റെ മോഡേണ്‍ ടൈംസ് യന്ത്രലോകത്തിന്റെ ഭീകരത തമാശരൂപത്തില്‍ കാണിച്ചുതരുന്നു.

യന്ത്രങ്ങള്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങുന്ന മനുഷ്യരെ അതില്‍ കാണാന്‍ കഴിയും. ടാങ്കുകള്‍ യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, മിസൈലുകള്‍ ഒക്കെ യന്ത്രങ്ങളാണ്. അവ മരണദൂതന്മാരാണ്. നമ്മുടെ കലകളെ യന്ത്രവല്‍കൃത ലോകം നിയന്ത്രിക്കുന്നു. സിനിമയുടെ യാന്ത്രിക പുനരുല്‍പാദനശേഷി അതിന് വലിയ ഒരു ജനപ്രിയത അഥവാ മാര്‍ക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്.

കുമാരനാശാന്‍

എന്നാല്‍ നാടകത്തിന്റെ കാര്യത്തില്‍ നമുക്ക് പിന്നോട്ടുപോകേണ്ടിവന്നു. ഒരാള്‍ സ്‌കൂട്ടര്‍ ഓടിച്ച് പോകുമ്പോള്‍ അയാളും യന്ത്രവും ചേര്‍ന്ന ഒരു സങ്കല്പനയാണ്, ആശയമാണ് അയാള്‍. പഴയ കാല കമ്മ്യൂണിക്കേഷന്‍സിനെ സ്ഥലകാലങ്ങള്‍ നിയന്ത്രിച്ചിരുന്നു. ഇന്ന് ലണ്ടനില്‍ നിന്നൊരാള്‍ പകല്‍ 12 മണിക്ക് കേരളത്തിലുള്ള ഒരാളെ വിളിക്കുമ്പോള്‍ സ്ഥലത്തിന്റെ അകലമോ സമയത്തിന്റെ വ്യത്യാസമോ ബാധകമാകുന്നില്ല. അപ്പോള്‍ ലോകം ഏകകാലത്തിലാണ്. പക്ഷേ അത് ബഹുകാലികവുമാണ്. ഈ ഏകകാലിക സാധ്യത കമ്യൂണിക്കേഷനില്‍ ഉണ്ടാക്കിയത് യന്ത്രങ്ങള്‍ ആണ്. പ്രണയത്തെ, മനുഷ്യബന്ധങ്ങളെ ഫോണ്‍ കോളുകള്‍, വീഡിയോ കോളുകള്‍ നിയന്ത്രിക്കുന്നു. സ്വന്തക്കാരുടെ, ബന്ധുക്കാരുടെ വിവാഹത്തില്‍, മരണത്തില്‍ പങ്കെടുക്കാന്‍ വിമാനങ്ങള്‍ ലഭ്യമാകേണ്ട അവസ്ഥകൂടി ഇവിടുണ്ട്.

സംസ്‌കാരം കാത്ത് ശവങ്ങള്‍ തണുപ്പുകൊണ്ട് വിറച്ച് ഇരിക്കേണ്ടിവരുന്നു. എല്ലാത്തരത്തിലും നമ്മുടെ ജീവിതം യാന്ത്രികമായിരിക്കുന്നു. അത് നമ്മെ മടിയരാക്കുന്നുമുണ്ട്. നടക്കാന്‍ താല്പര്യമില്ലാതാവുന്നു. യന്ത്രങ്ങള്‍ മൂലമുള്ള മരണങ്ങള്‍ കൂടുന്നു. സമയ കൃത്യതയ്ക്കും രണ്ടുവശം ഉണ്ട്. മൃഗലോകത്തിന് മൃഗങ്ങള്‍ത്തന്നെ നിശ്ചയിക്കുന്ന ഒരു വനപ്രദേശം അവശ്യമാണ്. പ്രത്യേകിച്ചും കടുവ , ആന എന്നീ ജീവികള്‍ക്ക്. മനുഷ്യരുടെ പെരുപ്പവും ഭൂമി വെട്ടിപ്പിടിക്കാനുള്ള ആര്‍ത്തിയും മൂലം മൃഗങ്ങളുടെ വനഭൂമിയെല്ലാം അന്യാധീനപ്പെടാന്‍ കാരണമായി. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അദൃശ്യവും അവാച്യവുമായ ഉടമ്പടി ലംഘിക്കപ്പെട്ടു. മൃഗങ്ങള്‍ മനുഷ്യരോട് സംഘര്‍ഷത്തിലാകുന്നത് ബോധപൂര്‍വ്വമല്ല. അതവരുടെ സ്വാഭാവികമായ പെരുമാറ്റങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ് . തെരുവില്‍ ജീവിക്കുന്ന ഒരു നായയ്ക്ക് വണ്ടി കേറിച്ചാകാതെ ജീവിക്കാനറിയാം. അതിന്റെ ബോധം ആ രീതിയില്‍ മാനുഷിക ലോകവുമായിട്ട് ഒത്തുപോകുന്നുണ്ട്, എന്നാല്‍ അങ്ങനെയായിരിക്കില്ല വഴി മുറിച്ചു കടക്കുന്ന ഗ്രാമത്തിലെ നായയുടെയും പൂച്ചയുടേയും മറ്റും കാര്യം.

വൈലോപ്പിള്ളി

മൃഗങ്ങള്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നില്ല. യന്ത്ര രഹിതമായ ജീവിതം ഇപ്പോഴും നമുക്കുണ്ട്. മലകള്‍ കയറുന്നതും നീന്തുന്നതും തുണിയലക്കുന്നതും വെള്ളം കോരുന്നതും ശബരിമലയ്ക്ക് കാല്‍നടയായി പോകുന്നതുമൊക്കെ യന്ത്രരഹിതമായ ജീവിതം തന്നെ. എന്നാല്‍ യന്ത്രരഹിതമായ ജീവിതം ഇഷ്ടപ്പെടാത്തവരും ഉണ്ട്. ചെറിയ ദൂരം പോലും നടക്കാത്ത , വെയിലു കൊള്ളാത്ത മനുഷ്യരുണ്ട്.

വള്ളത്തോള്‍ നാരായണ മേനോന്‍

എനിക്ക് കാഴ്ചബംഗ്ലാവില്‍ താല്പര്യമില്ല. പുലി എന്ന റില്‍ക്കേയുടെ കവിത അതി ശക്തമാണ്. ആശാന്റെ ഒരു സിംഹ പ്രസവത്തില്‍
‘ പരതന്ത്രതയോര്‍ത്തു കണ്ണുനീ
രരിയോരുണ്ണികള്‍ തന്നെ നോക്കി നീ
ചൊരിയായ്ക; മൃഗേന്ദ്രവല്ലഭേ!
വരുമാപത്തുകളാര്‍ക്കുമൂഴിയില്‍.
വള്ളത്തോളിന്റെ കൊച്ചു സീതയില്‍, വൈലോപ്പിള്ളിയുടെ സഹ്യന്റെ മകനില്‍, വിജയലക്ഷ്മിയുടെ മൃഗശിക്ഷകനില്‍ ഒക്കെ മൃഗങ്ങളുടെ, പക്ഷിയുടെ അസ്വതന്ത്രത പ്രമേയമായിരിക്കുന്നു.
ഇതുപോലൊരു തടവറ യന്ത്രങ്ങള്‍ നമുക്കു വേണ്ടിയും തീര്‍ത്തിട്ടുണ്ട്. അത് തടവറ തീര്‍ക്കുക മാത്രമല്ല ഗസയിലെ പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുകയും ചെയ്യുന്നു. ഇവിടെ നമ്മള്‍ പ്രകൃതി മാനുഷികതയിലേക്ക് മുഖം തിരിച്ചേ പറ്റൂ.