പ്ലാസ്റ്റിക് പുനര്‍ സംസ്‌കരണ മേഖലയിലെ സ്ത്രീകള്‍ക്കായി വിമന്‍ ഇന്‍ സര്‍ക്കുലാരിറ്റി പദ്ധതി വരുന്നു

Business

കോഴിക്കോട്: പ്ലാസ്റ്റിക് പുനര്‍ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ വനിതകളെ സാമ്പത്തികമായി ശാക്തീകരിക്കുവാന്‍ സംസ്ഥാനത്ത് വിമന്‍ ഇന്‍ സര്‍ക്കുലാരിറ്റി പദ്ധതി വരുന്നു. മാലിന്യ സംസ്‌ക്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വോംസ് എന്ന സംഘടന വഴിയാണ് പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ഡിസംബറോടെ മലപ്പുറം ജില്ലയില്‍ പ്ലാസ്റ്റിക് സംഭരണ കേന്ദ്രവും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കണ്ണൂരില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റും ആരംഭിക്കുന്നതാണ്. മാലിന്യ ശേഖരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന 20 ഗ്രാമങ്ങളില്‍ നിന്നുള്ള 500 വനിതകള്‍ക്ക് ഇതുവഴി തൊഴില്‍ ലഭ്യമാവും. ഇപ്രകാരം ഒരു വര്‍ഷം സംഭരിക്കുന്ന 6000 ടണ്‍ പ്ലാസ്റ്റിക്കില്‍ 2760 ടണ്‍ പുനരുപയോഗത്തിനായി സംസ്‌ക്കരിച്ചെടുക്കും.

ഇന്ത്യക്ക് പുറമെ അര്‍ജന്റീന, കെനിയ, ഘാന എന്നിവിടങ്ങളില്‍ കൂടി നടപ്പിലാക്കുന്ന വിമന്‍ ഇന്‍ സര്‍ക്കുലാരിറ്റി പദ്ധതിക്ക് 40 ലക്ഷം യൂറോ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ത്വക് സംരക്ഷണ മേഖലയിലെ ആഗോള ബ്രാന്റായ നിവ്യയുടെ ഉടമകളായ ബിയേഴ്‌സ്‌ഡോര്‍ഫ് ആണ് പരിസ്ഥിതി മലിനീകരണം തടയുന്നതോടൊപ്പം വനിതാ ശാക്തീകരണവും കൂടി ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിക്കായി ഫണ്ടിംഗ് നടത്തുന്നത്.

ഇത് കൂടാതെ ഈ പദ്ധതിയുടെ ഭാഗമായി ഈ മേഖലയിലെ സ്ത്രീകള്‍ക്കായി ശില്‍പ്പശാല, സ്‌കോളര്‍ഷിപ്പ്, തുടര്‍ച്ചയായ ആരോഗ്യ പരിശോധന, ആരോഗ്യ ഇന്‍ഷ്വറന്‍സ്, വാക്‌സിനേഷന്‍ ക്യാമ്പുകള്‍ എന്നിവയും നടത്തും. ആര്‍ത്തവകാലത്തെ ശുചിത്വത്തെക്കുറിച്ച് സ്ത്രീകളെ ബോധവാന്‍മാരാക്കാനുള്ള ക്ലാസുകള്‍ കൂടി ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതാണ്. മാലിന്യം ശേഖരിക്കുന്നവര്‍ക്കായി ഇതോടൊപ്പം ക്ഷേമനിധിയും ഏര്‍പ്പെടുത്തും.

2021ലെ ലോക ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ മൊത്തം മൂന്നുശതമാനം പ്ലാസ്റ്റിക് മാത്രമാണ് സംഭരിച്ച് റീസൈക്കിള്‍ ചെയ്യപ്പെടുന്നത്. ദശലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഉത്പ്പാദിപ്പിക്കപ്പെടുകയും ഉപയോഗ ശേഷം പുറന്തള്ളപ്പെടുകയും ചെയ്യുന്നത് ഗുരുതരമായ മലിനീകരണ പ്രശ്‌നമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിട്ടുള്ളത്. കോവിഡ് കാലത്ത് ഇത് കൂടുതല്‍ രൂക്ഷമായി മാറിയിട്ടുണ്ട്.
മാലിന്യ ശേഖരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് കോവിഡ് കാലത്ത് ജീവിത മാര്‍ഗം ഇല്ലാതാകുന്ന അവസ്ഥ വരെ ഉണ്ടായി. കടം വാങ്ങിയാണ് അക്കാലത്ത് പലരും കുടുംബം പുലര്‍ത്തിയത്. ഇപ്പോള്‍ ജോലി തിരിച്ചു കിട്ടിയെങ്കിലും പഴയകടം വീട്ടുന്നതോടൊപ്പം ജീവിതച്ചെലവും നിര്‍വഹിക്കുക പ്രയാസമായിരിക്കയാണ്.

ഈ പശ്ചാത്തലത്തിലാണ് വനിതകളെ കൈപിടിച്ചുയര്‍ത്താനുള്ള പദ്ധതിയുമായി ബിയേഴ്‌സ്‌ഡോര്‍ഫ് പരിസ്ഥിതി സംഘടനയായ ഗ്രീന്‍ വോംസുമായി സഹകരിച്ച് മുന്നോട്ടു വന്നിട്ടുള്ളത്. കോവിഡ്19 മഹാമാരിയുടെ ദുരന്തങ്ങളനുഭവിച്ചു കൊണ്ടിരിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കാന്‍ വേണ്ടി ബിയേഴ്‌സ്‌ഡോര്‍ഫ് തുടങ്ങി വച്ച പദ്ധതികളുടെ തുടര്‍ച്ച തന്നെയാണ് ‘വിമന്‍ ഇന്‍ സര്‍ക്കുലേറ്ററി’യെന്ന് കമ്പനി വൈസ് പ്രസിഡന്റ് ജീന്‍ ഫ്രാങ്കോയിസ് പാസ്‌കല്‍ പറഞ്ഞു.