കോഴിക്കോട്: കുടുംബ ബന്ധങ്ങളിലെ ഐക്യത്തിനായി സംഗമങ്ങള്‍ അനിവാര്യമാകുന്ന കാലമാണിതെന്ന് മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി. ജീവ കാരുണ്യ പ്രവര്‍ത്തകന്‍ എലത്തൂര്‍ വാളിയില്‍ മൂസ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടുകുടുംബത്തില്‍ നിന്നും അണു കുടുംബമായപ്പോള്‍ പരസ്പരം തിരിച്ചറിയാത്തവര്‍ ഉണ്ടാകുന്നു. ഇത്തരം സാഹചര്യത്തെ മറികടക്കാന്‍ കുടുംബ സംഗമം തന്നെ ഉചിതം. പഴയതും പുതിയതുമായ കുടുംബ വ്യവസ്ഥയുടെ മാറ്റത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
മുഖ്യ അതിഥിയായി പി കെ ഗ്രൂപ്പ് ചെയര്‍മാന്‍ പി കെ അഹമ്മദും മുഖ്യ പ്രഭാഷകനായി ക്രൈം ബ്രാഞ്ച് എസ് പി മൊയ്തീന്‍ കുട്ടിയും സംസാരിച്ചു. കുടുംബ വ്യവസ്ഥിതിയില്‍ ഇസ്ലാമിന്റെ കാഴ്ചപ്പാടുകളെ കുറിച്ചും പ്രവാചകന്റെയും ഖുര്‍ ആനിന്റെയും വചനങ്ങള്‍ ഉദ്ധരിച്ച് പി കെ അഹമ്മദും കുടുംബ സവിധങ്ങളില്‍ വരുത്തേണ്ട മാറ്റത്തെയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എസ് പി മൊയ്തീന്‍ കുട്ടിയും സംസാരിച്ചു.
ഹോട്ടല്‍ പാരമാണ്ട് ടവര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അസീസ് കുറുവന്തേടത്ത് അധ്യക്ഷത വഹിച്ചു. വാളിയില്‍ മൂസയുടെ ഉപ്പയുടെയും ഉമ്മയുടെയും കുടുംബത്തിലെ നാല് തലമുറകള്‍ സംഗമത്തില്‍ പങ്കെടുത്തു.
കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ മുഖ്യതിഥികളും അതിഥികളെ സംഘാടകരും പൊന്നാട അണിയിച്ച് ആദരിച്ചു. കേക്ക് മുറിച്ചും കലാപരിപാടി അവതരിപിച്ചും ഒരു പകല്‍ സമയം ചിലവഴിച്ചാണ് കുടുംബാംഗങ്ങള്‍ പിരിഞ്ഞത്.