സിനിമ വര്‍ത്തമാനം / വിജിന്‍ വിജയപ്പന്‍
നമ്മുടെ വീട്ടില്‍ നടക്കുന്ന സംഭവങ്ങളോ അതോ തൊട്ടടുത്ത വീട്ടിലെ കാര്യങ്ങളോ ഒക്കെയായി തോന്നുന്നൊരു സിനിമാനുഭവം. ഷറഫുദ്ദീനും ജോണി ആന്റണിയും മുഖ്യവേഷങ്ങളിലെത്തിയ ‘തോല്‍വി എഫ് സി’ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അത്തരത്തിലൊരു അനുഭവമായിരുന്നു. ഉമ്മന്‍, കുരുവിള, തമ്പി, ശോശ, അല്‍ത്താഫ്, മറിയം, അബു, റിസ്വാന്‍, ടുട്ടു, അപ്പു തുടങ്ങി സിനിമയിലെ ഓരോ കഥാപാത്രങ്ങളും നമ്മള്‍ ജീവിത്തിലെവിടെയെങ്കിലുമൊക്കെ കണ്ടവരായി തോന്നിയാല്‍ അതിശയോക്തിയില്ല. കാരണം അത്രയും ജീവിതഗന്ധിയായാണ് ‘തോല്‍വി എഫ് സി’ അവതരിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ കുടുംബത്തെ തന്നെ ഒരു വേള വെള്ളിത്തിരയില്‍ കണ്ടുമുട്ടുന്നൊരു ഫീലിംഗ് ആണ് സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍. വിക്ടറി വില്ല എന്ന പേരിലുള്ളൊരു വീട്. അവിടെ കുരുവിളയും ഭാര്യ ശോശയുമുണ്ട്. മക്കള്‍ രണ്ടുപേരും തങ്ങളുടെ സ്വപ്നങ്ങളുടെ പിറകെയാണ്. ഒരാള്‍ ബാംഗ്ലൂരിലെ ഐടി ജോലി വിട്ട് കോഫി ഷോപ്പുമായി നാട്ടിലുണ്ട്. രണ്ടാമന്‍ കുട്ടികളെ ഫുട്‌ബോള്‍ പഠിപ്പിക്കാന്‍ നടക്കുകയാണ്. കുരുവിളയാണെങ്കില്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ പൈസ നിക്ഷേപിച്ച് കൈപൊള്ളിയിരിക്കുകയാണ്. ലൈബ്രേറിയനായ ശോശയാകട്ടെ താനെഴുതിയ ഒരു സൈക്കോ നോവല്‍ അച്ചടിമഷി പുരളാനായുള്ള കാത്തിരിപ്പിലാണ്. ഇവരുടെയൊക്കെ ജീവിതങ്ങളിലേക്ക് മറിയം, അബു, ഷെര്‍മിന്‍, അല്‍ത്താഫ്, അപ്പു തുടങ്ങിയ ചില കഥാപാത്രങ്ങള്‍ എത്തിച്ചേരുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമായി ചിരിയും ചിന്തയും ഇടകലര്‍ത്തി സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
നാലുപേര്‍ക്കും ജീവിതം മുഴുവന്‍ തോല്‍വിയാണെങ്കിലും പരിശ്രമം ചെയ്തുകൊണ്ടേയിരിക്കുകയാണവര്‍. ക്രിപ്‌റ്റോ കറന്‍സിയില്‍ ലക്ഷങ്ങള്‍ നഷ്ടമാക്കിയ ഭര്‍ത്താവ് കുരുവിളയെ ഒരു ദിവസം ശോശ വീട്ടില്‍ നിന്നും പുറത്താക്കുകയാണ്. എവിടേയും പോകാനില്ലാത്ത കുരുവിള ഒടുക്കം കയറി ചെല്ലുന്നത് ഐടി ജോലി വിട്ട് കോഫിഷോപ്പ് തുടങ്ങിയ മകന്റെയടുത്താണ്. അയാളെ മുമ്പൊരിക്കല്‍ കുരുവിള വീട്ടില്‍ നിന്ന് ഇറക്കിവിട്ടതാണ്. അങ്ങനെ മനം തൊടുന്ന ഒട്ടേറെ രസകരമായതും വൈകാരികമായതുമായ നിമിഷങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്.
തോല്‍വിയും ജീവിതത്തിലെ നഷ്ടങ്ങളുമൊക്കെ തുടര്‍ച്ചയായി അനുഭവിക്കുന്നവര്‍ക്ക് പ്രതീക്ഷ പകരുന്നൊരു സിനിമ കൂടിയാണിത്. ‘നമ്മളൊക്കെ സാധാരണക്കാരല്ലേ, പക്ഷേ കഠിനമായി പരിശ്രമിച്ചാല്‍ വിജയം ഒരിക്കല്‍ നമ്മെ തേടി വരു’മെന്ന് ഉമ്മന്‍ സിനിമയില്‍ ഒരിടത്ത് പറയുന്നുണ്ട്, അത് തന്നെയാണ് സിനിമയുടെ ഉള്ളടക്കം. തോറ്റുപോകുന്നത് പരിശ്രമിക്കുന്നതു കൊണ്ടാണെന്നും തോല്‍ക്കുന്നതും ജയിക്കുന്നതും എന്തെങ്കിലും ചെയ്യുന്നതുകൊണ്ടാണെന്നുമൊക്കെ സംവിധായകന്‍ സിനിമയിലൂടെ പറഞ്ഞുവയ്ക്കുന്നുണ്ട്. തൊട്ടടുത്ത വീട്ടിലെ പയ്യന്‍ എന്ന ഇമേജ് ഉമ്മനായെത്തിയ ഷറഫുദ്ദീനെ തുണയ്ക്കുന്നുണ്ട്. തനിക്ക് ലഭിച്ച വേഷം അദ്ദേഹം ഗംഭീരമായി പകര്‍ന്നാടിയിട്ടുണ്ട്. അതുപോലെ തന്നെ കുരുവിളയായെത്തിയ ജോണി ആന്റണിയും തമ്പിയായെത്തിയ ജോര്‍ജ്ജും ശോശയായെത്തിയ ആശ മഠത്തിലും മറിയമായെത്തിയ മീനാക്ഷി രവീന്ദ്രനുമൊക്കെ ഹൃദയം തൊടുന്ന കഥാപാത്രങ്ങളാണ്. ഒട്ടേറെ കുട്ടികൂട്ടങ്ങളും സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
കുട്ടികളിലെ അമിത മൊബൈല്‍ ഉപയോഗം, ഇക്കാര്യം മാതാപിതാക്കള്‍ ശ്രദ്ധിക്കാത്തത് അവരെ കുഴപ്പത്തില്‍ ചാടിക്കുന്നത്, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഉപദേശ രൂപത്തിലല്ലാതെ ചിത്രം നല്ല രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആകെമൊത്തം കുടുംബങ്ങള്‍ക്ക് ഒന്നായി ആസ്വദിക്കാവുന്ന ചെറിയൊരു സിനിമയാണ് തോല്‍വി എഫ് സി.