രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച യച്ചൂരി ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ചെയ്യേണ്ടതാണ് ചെയ്തത്

Articles

നിരീക്ഷണം / ഡോ: ആസാദ്

ക്ഷേത്ര ഉദ്ഘാടനച്ചടങ്ങിലേക്ക് എന്തിനാണ് രാഷ്ട്രീയ നേതാക്കളെ ക്ഷണിക്കുന്നത്? രാഷ്ട്രീയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യാം. അത് മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യം. അവിടെ ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിലെ വഴക്കങ്ങളോ മുന്‍ഗണനാക്രമമോ അല്ല പാലിക്കപ്പെടുന്നത്. മതമേധാവിത്തത്തിന് രാഷ്ട്രീയാധികാരത്തിനു മേല്‍ കൊടികളുയര്‍ത്തുന്നതിന്റെ ആനന്ദം അനുഭവിക്കണം. അതിനാണ് അവിടേക്ക് രാഷ്ട്രീയ നേതാക്കളെ വിളിച്ചു കൊണ്ടുപോകുന്നത്.

മതവിശ്വാസം ഓരോരുത്തരുടെയും അകലോകമാവാം. അതു നിലനില്‍ക്കുന്ന പുറംലോകം ആധുനിക രാഷ്ട്ര വ്യവഹാരങ്ങളുടേതാണ്. മതേതര ജനാധിപത്യ റിപ്പബ്ലിക്ക് എന്നു വിശേഷിപ്പിച്ചു ഭരണഘടനയുണ്ടാക്കിയ രാഷ്ട്രത്തില്‍ ആ നിയമങ്ങളാണ് പ്രധാനം. അതനുവദിക്കുന്ന ചുറ്റളവിലേ ഏതു സ്വകാര്യവ്യവഹാരത്തിനും പുറത്തിറങ്ങാന്‍ കഴിയൂ. മതവിശ്വാസത്തിന്റെ അകവഴികളില്‍ രാഷ്ട്രീയക്കൊടിയും രാഷ്ട്രീയ വ്യവഹാരങ്ങളുടെ പൊതുവീഥിയില്‍ മതക്കൊടികളും ഉയര്‍ത്തേണ്ടതില്ല.

രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിക്കുന്നത് രാഷ്ട്രീയ റിപ്പബ്ലിക്കിനുമേല്‍ മതക്കൊടി പാറിക്കാനാണ്. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ കുറ്റബോധത്തില്‍ നിന്ന് മുക്തിനേടാനാണ്. ആ കുറ്റത്തെ രാഷ്ട്രീയ ശരിയാക്കിത്തീര്‍ക്കാനാണ്. അതില്‍ രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയില്‍ പങ്കെടുക്കുന്നവര്‍ ക്ഷേത്രത്തിലേക്കല്ല ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചതിക്കുഴിയിലേക്കാണ് കാലെടുത്തു വെക്കുന്നത്. എന്നാല്‍ കേവല വിശ്വാസികള്‍ എന്ന നിലയില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയ വിഷയമേയല്ല. അതു വാര്‍ത്തയുമല്ല.

ക്ഷണം ലഭിച്ച രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ വിശ്വാസത്തിലേക്ക് പാര്‍ട്ടിയെ വലിച്ചിഴക്കരുത്. രണ്ടും രണ്ടാണെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കണം. രാഷ്ട്രീയ വിലാസങ്ങളുടെ മേല്‍വസ്ത്രം ഉരിഞ്ഞു വേണം ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാന്‍. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒരു മതവിശ്വാസത്തിന്റെയും മേല്‍ക്കോയ്മ ഉണ്ടാവരുതാത്തതാണ്. അത് ന്യൂനപക്ഷ വിഭാഗങ്ങളിലെ അരക്ഷിതത്വം വര്‍ദ്ധിപ്പിക്കും. ആ ബോധം നേതാക്കള്‍ക്കു വേണം.

രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച സി പി ഐ എം നേതാവ് സീതാറാം യെച്ചൂരി ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ചെയ്യേണ്ടതാണ് ചെയ്തത്. മറ്റു നേതാക്കളും ജനാധിപത്യ മതേതര ഭരണഘടനക്കു കീഴിലെ ഉത്തരവാദിത്തം നിര്‍വ്വഹിക്കാനാണ് ശ്രമിക്കേണ്ടിയിരുന്നത്.