പുതിയ ആഴക്കടല്‍ മത്സ്യപരാദ കുടുംബത്തെ കണ്ടെത്തി കേരളസര്‍വകലാശാല ഗവേഷകര്‍

News

തിരുവനന്തപുരം: ഇന്ത്യന്‍ തീരത്തെ ആഴക്കടലിലെ ക്രസ്റ്റേഷ്യനുകളെ കേന്ദ്രീകരിച്ചുള്ള കേരള സര്‍വകലാശാലയുടെ ജൈവവൈവിധ്യ പഠനത്തില്‍ മുമ്പ് അറിയപ്പെടാത്ത ഒരു കുടുംബത്തെയും രണ്ട് പുതിയ ജനുസ്സുകളില്‍പെട്ട ക്രസ്റ്റേഷ്യന്‍ പരാന്ന ഭോജികളെയും കണ്ടെത്തി. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ലീ കോങ് ചിയാന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയവുമായി സഹകരിച്ചാണ് ഈ ഗവേഷണം നടത്തിയത്. സമുദ്ര ജീവശാസ്ത്രത്തിലും ലോക സമുദ്രങ്ങളിലെ സഹജീവി ബന്ധങ്ങളിലും ഒരു സുപ്രധാന അടയാളപ്പെടുത്തലാണിത്. ഇന്ത്യയില്‍ ആദ്യമായാണ് ക്രസ്റ്റേഷ്യ വിഭാഗത്തില്‍ നിന്ന് ഒരു പുതിയ സമുദ്രജീവി കുടുംബത്തെ കണ്ടെത്തുന്നത്.

കേരള സര്‍വകലാശാലയില്‍ ഗവേഷകനും നിലവില്‍ ജപ്പാനിലെ ഹിരോഷിമ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനുമായ ഡോ. പി. ടി. അനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് ആഴക്കടലില്‍ വസിക്കുന്ന യുറാനോസ്‌കോപ്പസ് ഗുട്ടാറ്റസ് എന്ന മത്സ്യത്തില്‍ നിന്നാണ് യുറാനോസ്‌കോപികോലൈഡേ എന്ന പുതിയ പരാദ കുടുംബത്തെ കണ്ടെത്തുന്നത്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത്, 300 മുതല്‍ 550 മീറ്റര്‍ വരെ ആഴത്തില്‍ ജീവിക്കുന്ന മത്സ്യത്തില്‍ നിന്ന് കണ്ടെത്തിയ പരാദ ജീവിയെ ‘ഹിരോദായ്’എന്ന പുതിയ ജനുസ്സിലും ‘ഒഹ്ത്‌സുകായ്’ എന്ന പുതിയ സ്പീഷീസിലും ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശാസ്ത്രജ്ഞനും മറൈന്‍ ബയോളജിസ്റ്റുമായ ഡോ. സുസുമു ഒഹ്ത്‌സുകയുടെ ബഹുമാനാര്‍ത്ഥം ഈ ഇനത്തിന് ‘ഒത്‌സുകായ’്’ എന്ന് പേരിട്ടു. ഗവേഷണത്തിന്റെ കണ്ടെത്തലുകള്‍ ജേണല്‍ ഓഫ് നാച്വറല്‍ ഹിസ്റ്ററിയുടെ ഏറ്റവും പുതിയ പതിപ്പില്‍ ഡോ. അനീഷ് പി.ടി. (ഹിരോഷിമ യൂണിവേഴ്‌സിറ്റി), എ.കെ. ഹെല്‍ന (റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, കണ്ണൂര്‍), ബിഎവി മാരന്‍ (നാഗസാക്കി സര്‍വകലാശാല, ജപ്പാന്‍), കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വിഭാഗം പ്രൊഫ. (ഡോ.) എ.ബിജുകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ചു.

പര്യവേക്ഷണത്തിന് പിന്നിലെ പ്രേരകശക്തിയായ ഡോ. അനീഷ് പി.ടിയുടെ അഭിപ്രായപ്രകാരം ‘ഈ കണ്ടെത്തല്‍ സമുദ്ര ജൈവവൈവിധ്യത്തെയും പാരിസ്ഥിതിക ചലനാത്മകതയെയും രൂപപ്പെടുത്തുന്നതില്‍ ആഴക്കടല്‍ ക്രസ്റ്റേഷ്യനുകളുടെ നിര്‍ണായക പങ്ക് വ്യക്തമാക്കുന്നതാണ്. കൂടാതെ ഇന്ത്യയിലെ വ്യത്യസ്ത ആഴക്കടല്‍ ആവാസവ്യവസ്ഥകളില്‍ പരാദ ജീവികളുടെ സാന്നിധ്യവും പാരിസ്ഥിതിക സവിശേഷതകള്‍ക്കനുസരിച്ച് അവയുടെ മാറ്റവും ഒരുജീവിയില്‍ തന്നെ വ്യത്യസ്ത ഭാഗങ്ങളില്‍ ഇവയുടെ വാസവും കൂടുതല്‍ പഠനവിധേയമാക്കേണ്ടതാണ്.’

പ്രോജക്ട് ലീഡറായ പ്രൊഫ. (ഡോ.) എ. ബിജുകുമാര്‍ പറയുന്നതനുസരിച്ച്, ”ഇന്ത്യയില്‍ നിന്ന് ഒരു പുതിയ ക്രസ്റ്റേഷ്യന്‍ കുടുംബത്തെ ആദ്യമായാണ് കണ്ടെത്തുന്നത് എന്നതിനാല്‍ തന്നെ ഈ പഠനത്തിന് ഏറെ സവിശേഷതയുണ്ട്. ‘ആഴക്കടലിന്റെ ജൈവവൈവിധ്യ പഠനങ്ങള്‍ വെല്ലുവിളി നിറഞ്ഞതും രസകരവുമാണ്, കാരണം അവ അജ്ഞാതമായ സമുദ്ര ആവാസ വ്യവസ്ഥകളില്‍ കൂട്ടായ്മകളുടെ ഒരു പുതിയ ലോകം വെളിപ്പെടുത്തുകയും സമുദ്ര ഭക്ഷ്യശൃംഖലയെക്കുറിച്ചുള്ള നമ്മുടെ അറിവ് സമ്പന്നമാക്കുകയും ചെയ്യുന്നു.

ആഴക്കടലിലെ രസകരവും ഇതുവരെ അറിയപ്പെടാത്തതുമായ കുറച്ചു കൂടി ക്രസ്റ്റേഷ്യനുകള്‍ പ്രസിദ്ധീകരണത്തിനായി കാത്തിരിക്കുന്നു. ഇത് ആഴക്കടല്‍ ജൈവവൈവിധ്യ പഠനങ്ങളുടെ പ്രാധാന്യം കാണിക്കുന്നു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് നിന്ന് 300 മുതല്‍ 650 മീറ്റര്‍ വരെ ആഴത്തില്‍ വസിക്കുന്ന ഗ്ലിപ്‌റ്റോഫീഡിയം മാക്രോപ്പസ് എന്ന ആഴക്കടല്‍ മത്സ്യത്തില്‍ നിന്ന് ഗ്ലിപ്‌റ്റോതോവ സാഗര എന്ന ഐസോപോഡിന്റെ ഒരു പുതിയ ജനുസ്സും ഇനവും സംഘം കണ്ടെത്തി. ഡി.എന്‍.എ ബാര്‍കോഡിംഗ് പഠനങ്ങളും അതിന്റെ തിരിച്ചറിയല്‍ സ്ഥിരീകരിച്ചു. ഫലങ്ങള്‍ അന്താരാഷ്ട്ര ജേണലായ സുവോളജിക്കല്‍ സ്റ്റഡീസിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.

മൂന്നാമത്തെ പുതിയ ഇനം ഐസോപോഡ് ക്രസ്റ്റേഷ്യന്‍ വിഭാഗത്തിലെ പരാന്നഭോജിയാണ്. എല്‍ത്തൂസ അക്വാബിയോ എന്ന ഈ ഇനത്തെ ഒരു അജ്ഞാത മത്സ്യത്തില്‍ നിന്ന് വിവരിക്കുകയും ആഴക്കടല്‍ ട്രോളിന്റെ സാമ്പിളുകളില്‍ നിന്ന് ശേഖരിക്കുകയും ചെയ്തു. കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ്ഫിഷറീസ് വകുപ്പിന്റെ ടാക്‌സോണമിക് ഗവേഷണത്തില്‍, പ്രത്യേകിച്ച് പരാന്നഭോജികളായ ക്രസ്റ്റേഷ്യനുകളെക്കുറിച്ചുള്ള മികച്ച സംഭാവനകളെ മാനിച്ച് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. അനീഷ് ഈ ഇനത്തിന് ‘അക്വാബിയോ’ എന്ന് നാമകരണം ചെയ്തു.