തിരുവനന്തപുരം: നിക്ഷേപകരില്‍ നിന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എളുപ്പത്തില്‍ പണം ലഭിക്കുന്ന സാഹചര്യമല്ല നിലവിലുള്ളതെന്നും പുതിയ സ്ഥാപനങ്ങളിലെത്തുന്ന നിക്ഷേപകര്‍ സ്റ്റാര്‍ട്ടപ്പുകളെ നന്നായി വിലയിരുത്തിയതിനു ശേഷമാണ് നിക്ഷേപം നടത്തുന്നതെന്നും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കോവളത്ത് സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ 2022 ആഗോള സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി. അതേ സമയം വിവിധ മേഖലകളില്‍ നൂറുകണക്കിന് നിക്ഷേപങ്ങള്‍ നടക്കുന്നതു ഈ മേഖലയെ ചലനാത്മകമാക്കുന്നെന്നും അവര്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പുണ്ടായിരുന്ന സാഹചര്യമല്ല സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുക്കുന്നതില്‍ ഇപ്പോഴുള്ളതെന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപകര്‍ക്കുമുള്ള നിയമ സ്ഥാപനമായ ബര്‍ജന്‍ ലോയുടെ സ്ഥാപക റോമ പ്രിയ പറഞ്ഞു. ഒരേ സ്റ്റാര്‍ട്ടപ്പിനെ മാത്രം പിന്തുടരുന്ന നിക്ഷേപകര്‍ ഇപ്പോള്‍ അധികമില്ല. നിക്ഷേപം നടത്തുന്നതിനായി അവര്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നുണ്ട്. ഫണ്ടിംഗ് പ്രതീക്ഷിക്കുന്ന സംരംഭങ്ങള്‍ നിക്ഷേപം ലഭിക്കുന്നതിന് മുമ്പായി തങ്ങളുടെ മൂല്യം തെളിയിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച ഭാവിയുണ്ടെന്ന് ചര്‍ച്ച മോഡറേറ്റ് ചെയ്ത ജി എസ് എഫ് ആക്‌സിലറേറ്റ്‌സ് സ്ഥാപകന്‍ രാജേഷ് സാഹ്നി പറഞ്ഞു. ലോകത്തിലെ വലിയ സോഫ്റ്റ് വെയര്‍ ഡെവലപ്പറാകുന്നതോടൊപ്പം ആഭ്യന്തര വിപണിയ്ക്ക് ആവശ്യമായ ഉല്പന്നങ്ങള്‍ നല്കാനും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയും. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ജിഡിപി പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. അതോടൊപ്പം അഭ്യസ്തവിദ്യരായ ജനസമൂഹവും ശക്തമായ പൊതുജനാരോഗ്യ സംവിധാനവും നിലവിലുള്ളത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള പ്രവാസികളില്‍ ഭൂരിഭാഗവും വിദേശത്തെ മികച്ച തൊഴിലുകള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്നവരാണെന്ന് നിക്ഷേപകനും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുമായ ബ്രിജ് സിംഗ് പറഞ്ഞു. പ്രവാസികളുടെ കഴിവും അനുഭവവും വിനിയോഗിക്കുന്നതിനൊപ്പം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന ഐടി കേന്ദ്രങ്ങളായ ബെംഗളൂരു, ഗുഡ്ഗാവ് തുടങ്ങിയ സ്ഥലങ്ങളിലെ ചില സ്ഥാപനങ്ങള്‍ ചെറിയ പട്ടണങ്ങളിലേക്ക് മാറുന്നൊരു സാഹചര്യമാണ് നിലവിലുള്ളതെന്ന് രണ്ട് വര്‍ഷം മുമ്പ് യൂണികോണ്‍ ആയി മാറിയ പ്രിസ്റ്റിന്‍ കെയര്‍ ഹെല്‍ത്ത്‌ടെക്കിന്റെ സ്ഥാപകന്‍ ഡോ. വൈഭവ് കപൂര്‍ പറഞ്ഞു. മലിനീകരണ പ്രശ്‌നങ്ങളും വന്‍നഗരങ്ങളിലെ ഗതാഗതക്കുരുക്കും ഒഴിവാക്കിയുള്ള മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ചാണ് ചെറിയ നഗരങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം കൂടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ചെറിയ നഗരങ്ങളില്‍ പോലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ അവസരമുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വിജയിച്ച സ്റ്റാര്‍ട്ടപ്പുകളെ തേടി വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളും ഫിനാന്‍ഷ്യര്‍മാരും എത്തുമെന്നും അവര്‍ പറഞ്ഞു.