തിരുവനന്തപുരം: പാരിസ്ഥിതിക സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റു നിര്‍മിതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിനെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍പെടും വിധം പ്രദര്‍ശിപ്പിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ഈ നടപടികള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ഇക്കോ സെന്‍സിറ്റീവ് സോണ്‍ ബഫര്‍ സോണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രചാരണം നടത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പൊതുജനങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ ഹെല്‍പ് ഡെസ്‌ക്ക് ആരംഭിക്കും. വിട്ടു പോയ നിര്‍മിതികളെ കുറിച്ച് വിവരം നല്‍കാനുള്ള സഹായം ഹെല്‍പ് ഡെസ്‌ക്കില്‍ ലഭിക്കും. കൂടാതെ ജനങ്ങള്‍ക്ക് തങ്ങളുടെ പ്രദേശത്തെ ഇക്കോ സെന്‍സിറ്റീവ് സോണില്‍ ഏതെല്ലാം പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നു എന്ന വിവരം ഹെല്‍പ് ഡെസ്‌ക്കില്‍ നിന്ന് മനസിലാക്കാം.
കേരള സ്‌റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാതെ പോയ നിര്‍മിതികള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം നിര്‍ദ്ദിഷ്ട പ്രൊഫോര്‍മയില്‍ 23നകം ല്വെലഃുലൃരേീാാശേേലല@ഴാമശഹ.രീാ ലേക്ക് അറിയിക്കാം. ജോയിന്റ് സെക്രട്ടറി, വനംവന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്‌സ് രണ്ട്, തിരുവനന്തപുരം 695001 എന്ന വിലാസത്തിലും വിവരങ്ങള്‍ നല്‍കാം. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ ഫീല്‍ഡ്തല വാലിഡേഷന്‍ നടപടികള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ സ്വീകരിക്കും. ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങളും നിവേദനങ്ങളും സ്വീകരിക്കുന്നതിനുള്ള വിലാസവും വിശദാംശങ്ങള്‍ കൈമാറേണ്ട പ്രൊഫോര്‍മയും https://www.kerala.gov.in/subdetail/MTAzNDg5MDcyLjI4/MjIwNjM2NjAuMDg= എന്ന ലിങ്കില്‍ ലഭിക്കും.
കെ എസ് ആര്‍ ഇ സി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ പഞ്ചായത്ത്/ വില്ലേജ്തല സര്‍വേ നമ്പര്‍ ഉള്‍പ്പെടെയുള്ള നിര്‍മിതികളുടെ വിവരങ്ങളും മാപ്പുകളും സഹിതമുള്ള സംക്ഷിപ്ത രൂപവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാതെ പോയിട്ടുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് അറിയിക്കാനുള്ള പ്രൊഫോര്‍മയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സ്വീകരിക്കും. കേരള സര്‍ക്കാര്‍, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ടിന്റെ വിശദാംശം ലഭ്യമാണ്.