മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കിടന്നു സഞ്ചരിക്കാം; പ്രത്യേക ബസ് വാങ്ങാന്‍ 1.05 കോടി അനുവദിച്ചു

Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കുന്നതിനായി പ്രത്യേക ബസ് വാങ്ങുന്നു. ഇതിനായി 1.05 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനാണ് ഈ ബസ്. അടുത്തിടെ കെ സ്വിഫ്റ്റ് പുറത്തിറക്കിയ ഹൈബ്രിഡ് സ്ലീപ്പര്‍ ബസ് ആണ് കൂടുതല്‍ സംവിധാനങ്ങളോടെ നവകേരളസദസിന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്കായി ഉപയോഗിക്കുക. എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ ഇരുപതിലേറെ പേര്‍ക്ക് കിടന്ന് യാത്ര ചെയ്യാനും സംവിധാനം ഉണ്ടാകും.

സസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കിടന്ന് സഞ്ചരിക്കനായി ട്രഷറി നിയന്ത്രണം മറി കടന്ന് പണം അനുവദിച്ചത്. നവകേരള സദസിനുള്ള പ്രത്യേക ബസിന്റെ നിര്‍മാണം ബംഗളൂരുവില്‍ നടന്നുവരികയാണ്. ബസ് വാങ്ങാന്‍ 1.05 കോടി രൂപ അനുവദിച്ച് നവംബര്‍ പത്തിനാണ് ധനവകുപ്പിന്റെ ഉത്തരവ് ഇറങ്ങിയത്.

നേരത്തെ ബജറ്റില്‍ നീക്കിവെച്ച തുകയ്ക്ക് പുറമെ അധിക ഫണ്ടായാണ് ബസിന് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണം ബസ് വാങ്ങുന്നതിന് ബാധകമല്ലെന്നും ധനവകുപ്പ് ഉത്തരവില്‍ പറയുന്നുണ്ട്. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി ആവശ്യമാണെന്നിരിക്കെയാണ് ഇത് മറികടക്കാന്‍ ട്രഷറി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി വകുപ്പിന്റെ പേരിലാണ് ബസ് വാങ്ങുന്നതിനുള്ള ചെലവ് വകയിരുത്തിയത്.