ഭിന്നശേഷിക്കാര്‍ക്ക് പൂര്‍ണ ശേഷിക്കാരെക്കാള്‍ ലോകത്തിന്‍റെ വേദന പെട്ടന്ന് മനസ്സിലാവും

Articles

ചിന്ത / എ പ്രതാപന്‍

ന്നലെ തൃശ്ശൂരിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഉണ്ടായ അനുഭവം. സാധനങ്ങള്‍ വാങ്ങി, എന്റെ ബാഗുകള്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ച കൗണ്ടറില്‍ ചെന്നപ്പോള്‍, സൂക്ഷിപ്പുകാരനായ ജീവനക്കാരന്‍ ഉല്‍ക്കണ്ഠയോടെ എന്നെ നോക്കി. അയാള്‍ക്ക് സംസാരശേഷി ഇല്ലായിരുന്നു. ഞാന്‍ കൊണ്ടു വന്ന ബാഗിലൊന്നില്‍ ഒരു ചെറിയ ചൂരല്‍ വടി പുറത്തേക്ക് തള്ളി നിന്നിരുന്നു. അതു ചൂണ്ടിക്കാട്ടി അയാള്‍ എന്നോട് ആശയ വിനിമയം നടത്താന്‍ ശ്രമിച്ചു.

അപ്പോള്‍ എക്‌സിറ്റ് കൗണ്ടറിലെ ജീവനക്കാരിയും വന്നു. സാറ് മാഷാണോ, ചിരിച്ചു കൊണ്ട് അവരെന്നോട് ചോദിച്ചു. ഞാന്‍ മാഷല്ല, ഈ ചെറിയ ചൂരല്‍ വടി ആരെയും അടിക്കാന്‍ ഉള്ളതുമല്ല. രാവിലെ നടക്കാന്‍ പോകുമ്പോള്‍ വഴിയിലെ നായ്ക്കളെ വെറുതെ കാണിക്കാനായി ഉള്ളതാണ്. അവര്‍ രണ്ടു പേരും സന്തോഷത്തോടെ ചിരിച്ചു. എനിക്കും വലിയ സന്തോഷം തോന്നി.

തോക്കും ബോംബും ലോകം വാഴുമ്പോള്‍ നിസ്സംഗരായി നോക്കി നില്‍ക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെയിടയില്‍, ഒരു ചെറിയ ചൂരല്‍ വടി കണ്ടപ്പോള്‍ ഉല്‍ക്കണ്ഠപ്പെട്ട രണ്ട് മനുഷ്യരെയോര്‍ത്ത്. അവര്‍ ഭിന്നശേഷിക്കാരായിരുന്നു. ആ സ്ഥാപനം ധാരാളം ഭിന്ന ശേഷിക്കാരെ ജീവനക്കാരായി എടുത്തിട്ടുണ്ട്. ഭിന്ന ശേഷിക്കാര്‍ക്ക് പൂര്‍ണ്ണശേഷിക്കാരേക്കാള്‍, ലോകത്തിന്റെ വേദനകള്‍ പെട്ടെന്ന് മനസ്സിലാകും. അവിടെ നിന്ന് ഇറങ്ങുമ്പോള്‍ അവര്‍ രണ്ടു പേരും എന്നോട് കൈ വീശി ചിരിച്ചു.

എന്ത് ഹൃദയം തുറന്ന ചിരി !

ലോകത്ത് നന്മകള്‍ വറ്റിപ്പോയിട്ടില്ല!