കേരളത്തില്‍ നിന്നും ഗള്‍ഫിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിക്കും: എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Gulf News GCC UAE

ദുബൈ: യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മേധാവി അലോക് സിങ് പറഞ്ഞു. സൗദി അറേബ്യയിലേക്കുള്ള സര്‍വീസുകളുടെ കാര്യത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്നും ഇതിന് പുറമെ ബഹറൈന്‍, ഖത്തര്‍, യു എ ഇ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളിലും വര്‍ദ്ധനവ് വരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നും യു എ ഇയിലേക്കും തിരിച്ചുമുള്ള വ്യോമ ഗതാഗത വിപണി ഏറെക്കുറെ പൂര്‍ണമായി ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്. പുതിയ വിമാനത്താവളമെന്ന നിലയില്‍ കണ്ണൂരില്‍ നിന്നുള്ള സര്‍വീസുകളുടെ വര്‍ദ്ധനവ് പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ആഴ്ചയില്‍ 195 വിമാന സര്‍വീസുകളാണ് ഇന്ത്യയ്ക്കും യു.എ.ഇക്കും ഇടയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നത്. ഇതില്‍ 80 എണ്ണം ദുബൈയിലേക്കും 77 എണ്ണം ഷാര്‍ജയിലേക്കും 31 എണ്ണം അബുദബിയിലേക്കും അഞ്ചെണ്ണം റാസല്‍ഖൈമയിലേക്കും രണ്ടെണ്ണം എല്‍ഐനിലേക്കുമാണ്. ഗള്‍ഫ് മേഖലയിലേക്ക് ആകെ 308 വിമാന സര്‍വീസുകള്‍ പ്രതിവാരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നുണ്ട്. സര്‍വീസുകള്‍ വിപുലമാക്കുന്നതിന്റെ കൂടി ഭാഗമായി അടുത്ത 15 മാസത്തിനുള്ളില്‍ 450 പൈലറ്റുമാരെയും എണ്ണൂറോളം ക്യാബിന്‍ ക്രൂ പുതുതായി നിയമിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.