നവകേരള സദസ്സിനെതിരെ വിചാരണാ സദസ്സുമായി യുഡിഎഫ്; പരിപാടിക്ക് ഡിസംബര്‍ രണ്ടിന് തുടക്കം

Kerala

തിരുവനന്തപുരം: നവകേരള സദസ്സിനെതിരെ വിചാരണാ സദസ്സുമായി യു ഡി എഫ്. ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെയും ക്ഷേമപ്രവര്‍ത്തനങ്ങളുടെയും പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തുകയും തകരുന്ന കേരളത്തിന്റെ നേര്‍ചിത്രം ജനമസമക്ഷം അവതരിപ്പിക്കുകയുമാണ് വിചാരണാ സദസ്സ് കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് യു ഡി എഫ് നേതൃത്വം പറയുന്നു. ഡിസംബര്‍ രണ്ട് മുതല്‍ 22 വരെയുള്ള തിയ്യതികളിലാണ് കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും വിചാരണ സദസ്സുകള്‍ സംഘടിപ്പിക്കുകയെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു.

എല്‍ ഡി എഫ് സര്‍ക്കാരിനെതിരെയുള്ള യു ഡി എഫിന്റെ കുറ്റപത്രം അവതരിപ്പിച്ച് സര്‍ക്കാരിന്റെ ദുര്‍ഭരണം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യുന്നതാണ് സദസ്സിലെ പ്രധാന പരിപാടിയെന്ന് എം എം ഹസ്സന്‍ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിനിധാനം ചെയ്യുന്ന 12 നിയോജക മണ്ഡലങ്ങളില്‍ ഡിസംബര്‍ രണ്ടിന് നടക്കുന്ന വിചാരണ സദസ്സുകളോടെയാണ് പരിപാടി ആരംഭിക്കുക. ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ ആറ് മണി വരെയാണ് വിചാരണ സദസ്സ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടം മണ്ഡലത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുമെന്നും എം എം ഹസ്സന്‍ പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നേമം മണ്ഡലത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും സ്‌പോര്‍ട്‌സ് മന്ത്രിയുടെ മണ്ഡലമായ താനൂരില്‍ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഉദ്ഘാടനം നിര്‍വഹിക്കും. തദ്ദേശ വകുപ്പ് മന്ത്രിയുടെ മണ്ഡലമായ തൃത്താലയില്‍ രമേശ് ചെന്നിത്തലയും സഹകരണ മന്ത്രിയുടെ മണ്ഡലമായ ഏറ്റുമാനൂരില്‍ പി ജെ ജോസഫും റവന്യൂ മന്ത്രിയുടെ മണ്ഡലമായ ഒല്ലൂരില്‍ സി പി ജോണും കൃഷിമന്ത്രിയുടെ മണ്ഡലമായ ചേര്‍ത്തലയില്‍ എം എം ഹസനും വ്യവസായ മന്ത്രിയുടെ മണ്ഡലമായ കളമശ്ശേരിയില്‍ കെ മുരളീധരനും ആരോഗ്യ മന്ത്രിയുടെ മണ്ഡലമായ ആറന്മുളയില്‍ ഷിബു ബേബി ജോണും ജലസേചന മന്ത്രിയുടെ മണ്ഡലമായ ഇടുക്കിയില്‍ അനൂപ് ജേക്കബും ധനമന്ത്രിയുടെ മണ്ഡലമായ കൊട്ടാരക്കരയില്‍ ജി ദേവരാജനും ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു128 മണ്ഡലങ്ങളിലെ വിചാരണ സദസ്സുകള്‍ യു ഡി എഫ് എം പിമാരും എം എല്‍ എമാരും പ്രമുഖ യു ഡി എഫ് നേതാക്കളും ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു.