ചിന്ത / ഡോ : ആസാദ്
ചോദ്യത്തെ പല രീതിയിലാണ് ആളുകള്‍ നേരിടാറുള്ളത്. അധികാരം തലയ്ക്കു പിടിച്ചവര്‍ മറുചോദ്യം ചോദിച്ചും ചോദ്യകര്‍ത്താവിനെ ആക്ഷേപിച്ചും പരിഹാസം ചൊരിഞ്ഞും അവഗണിച്ചും ചോദ്യങ്ങളെ മറികടക്കുന്നതു കണ്ടിട്ടുണ്ട്. അവര്‍ക്ക് അവര്‍ പറയുന്നതാണ് ശരിയുത്തരം. അതിന് യുക്തി വേണ്ട. എന്നാല്‍ അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം കിട്ടണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. അത് അവരുടെ അധികാരയുക്തിക്കു വഴങ്ങുന്നതാവണം താനും.
ചോദ്യവും ഉത്തരവും എന്നത് അഭിമുഖ പരീക്ഷയുടെ മാത്രം രീതിയല്ല. മുന്നില്‍ ഒരു പ്രശ്‌നമുണ്ട് എന്നതിന്, മുന്നില്‍ ഉത്തരം കിട്ടേണ്ട ഒരു ചോദ്യമുണ്ട് എന്നാണര്‍ത്ഥം. ചോദ്യങ്ങളും അവയുടെ യുക്തിസഹമായ മറുപടിയുമാണ് പ്രശ്‌ന നിര്‍ദ്ധാരണത്തിന്റെ കാതല്‍. സാമൂഹിക അനുഭവങ്ങളുടെ ഈ രീതിഘടന ഇല്ലാതാകുമ്പോള്‍ അധികാരം കേന്ദ്രീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കും. യുക്തിബോധത്തെ കീഴ്‌മേല്‍ മറിച്ചാണ് ഫാഷിസം വരുന്നത്.
ഒരു പ്രശ്‌നത്തിനു ചുറ്റും ഉയരുന്ന അഥവാ ഉയര്‍ത്താവുന്ന ചോദ്യങ്ങളാണ് ആ പ്രശ്‌നത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തുന്നത്. ചോദ്യങ്ങള്‍ സാദ്ധ്യതകളുടെ അനേകമാനങ്ങളെ കടഞ്ഞെടുക്കുന്നവയാണ്. അവയില്‍ ചിലത് അസംബന്ധമെന്ന് തള്ളണമെങ്കില്‍ ജനാധിപത്യ യുക്തിബോധത്തിന്റെ സൂക്ഷ്മമായ അരിപ്പയിലൂടെ കടത്തിവിടണം. നാം നമ്മുടേതെന്ന് ധരിച്ച യുക്തിവലകള്‍ ഏറെയും ഓട്ടവീണ പഴഞ്ചന്‍ വലകളാണ്. അവ വരേണ്യമായ അധികാരത്തിന്റെ കറ പറ്റിയവയാണ്. അതില്‍ അളന്നു ബോദ്ധ്യപ്പെടാനാവാത്ത വിധം സൂക്ഷ്മമായിട്ടുണ്ട് ജനാധിപത്യ യുക്തിയുടെ പ്രയോഗങ്ങള്‍. അതിനാല്‍ മാറ്റിനിര്‍ത്തപ്പെട്ട സമൂഹങ്ങളുടെ ചോദ്യങ്ങള്‍ക്ക് പൊതുബോധത്തിന്റെ അനുഭവയുക്തികള്‍കൊണ്ട് മറുപടി പറയാന്‍ ശ്രമിക്കരുത്. അതു പ്രശ്‌നത്തെ സ്പര്‍ശിക്കാന്‍ തീരെ ശേഷിയില്ലാത്തവയാകും.
നമ്മുടെ പഴഞ്ചന്‍ യുക്തിവലകള്‍ കൊണ്ട് ഉത്തരങ്ങള്‍ പിടിക്കാന്‍ ഇറങ്ങുന്നവരാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ നിറയുന്നത്. സ്വന്തം പരിമിതികളുടെ ആഘോഷമാണ് അവര്‍ നടത്തുന്നത്. ഇത്തിരിവട്ടം കാണുന്നവര്‍ വാമനലോകത്തിന്റെ യുക്തിയിലും തൃപ്തിയിലും സ്വയം തളയ്ക്കുന്നു. സ്വയം പുതുക്കാതെ പുതിയ അനുഭവങ്ങളെ അഭിസംബോധന ചെയ്യാനോ പുതിയ ചോദ്യങ്ങളെ നേരിടാനോ കഴിയില്ലെന്ന വാസ്തവം അവര്‍ അറിയാതെ പോകുന്നു.
സങ്കുചിതവും മതാത്മകവുമായ വിശ്വാസയുക്തികളാണ് ഇപ്പോള്‍ പൊതുബോധത്തെ ഭരിക്കുന്നത്. അവിടെ ചോദ്യങ്ങള്‍ മുനയറ്റു ചിതറിക്കുന്ന വിദ്യയാണ് അധികാരികള്‍ സ്വീകരിക്കുന്നത്. അതിനിടയില്‍ മതവിമര്‍ശനമോ സാമൂഹിക രാഷ്ട്രീയ വിമര്‍ശനങ്ങളോ അതതു മണ്ഡലങ്ങളില്‍ വികസിക്കുന്നില്ല. അഥവാ അത്തരം പുരോഗമന ചോദ്യങ്ങളെ മുളയിലേ നുള്ളിക്കളയുന്നു. ജീവിതത്തിന്റെ സത്യം അധികാരത്തിന്റെ സത്യവും തണലുമായി പരിമിതപ്പെടുന്നു. സ്തുതിയും നിന്ദയുമായി വിചാരലോകം ചുരുങ്ങുന്നു. ചോദ്യങ്ങളെ ചിതറിക്കുന്ന ഫാഷിസത്തിന്റെ അടിസ്ഥാന പ്രയോഗം ജനാധിപത്യ കീഴ് വഴക്കങ്ങളെയാകെ വിഴുങ്ങുന്നു. ഫാഷിസം നമുക്കകത്തു പ്രവര്‍ത്തിക്കുന്നു.
ശീലങ്ങളെയും വഴക്കങ്ങളെയും വിചാരണ ചെയ്യാന്‍ ശേഷിയുള്ള യുക്തിബോധവും അധികാര പൊതുബോധത്തെ കീറിമുറിക്കാന്‍ വേണ്ട ധീരതയും തിരിച്ചു പിടിക്കേണ്ടതുണ്ട്. ശരിയായ ചോദ്യം ചോദിക്കാനും യുക്തിസഹമായ ഉത്തരത്തിനുവേണ്ടി പൊരുതാനും ആര്‍ജ്ജവമുള്ള ഒരു സമൂഹമായി നാം മാറണം. ഫാഷിസത്തെ തുരത്താനുള്ള ആദ്യ ചുവടുവെപ്പ് അതായിരിക്കും.