പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് വന്‍സാധ്യത: ഹഡില്‍ സെമിനാര്‍

Kerala

തിരുവനന്തപുരം: ശാസ്ത്രത്തിലും വ്യവസായത്തിലുമുള്ള ഇന്ത്യയുടെ ദ്വിമുഖ മുന്നേറ്റം സാങ്കേതിക വളര്‍ച്ചയില്‍ മുന്നേറിയ പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് വന്‍ സാധ്യതകളാണ് തുറന്നിടുന്നതെന്ന് ഹഡില്‍ ഗ്ലോബല്‍ 2023 ന്റെ ഭാഗമായി നടന്ന സെമിനാറില്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

യുകെക്ക് പുറത്തുള്ള പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലിസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് യുവാക്കള്‍ ജര്‍മന്‍ ഭാഷ പഠിക്കുന്നത് സഹായകമാകുമെന്ന് ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ ആക്കിം ബുര്‍ക്കാര്‍ട്ട് പറഞ്ഞു.

വിഴിഞ്ഞത്തിനടുത്ത് അടിമലത്തുറ കടല്‍ത്തീരത്താണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ഹഡില്‍ സ്റ്റാര്‍ട്ടപ് ഉച്ചകോടി. ആഗോള വികാസം വ്യാപാരം അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.

കോവിഡ് വാക്‌സിനിലൂടെ ആരോഗ്യമേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ആരോഗ്യ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുത്താനാകും. എന്‍ജിനിയറിംഗ്, വാഹനനിര്‍മ്മാണ മേഖലകളില്‍ ഇന്ത്യയില്‍ നിന്നുയരുന്ന ആശയങ്ങള്‍ ശ്രദ്ധേയമാണെന്നും ആക്കിം ബുര്‍ക്കാര്‍ട്ട് ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് ആഗോളതലത്തില്‍ ആശയവിനിമയത്തിനുള്ള ഭാഷയാണെങ്കിലും ജര്‍മന്‍ ഭാഷയിലുള്ള പ്രാവീണ്യം തദ്ദേശീയരുമായുള്ള ബന്ധം മെച്ചമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശ ഭാഷകള്‍ പഠിക്കുന്നതില്‍ പുതുതലമുറക്കു ജാഗ്രതയുണ്ട്. ജര്‍മന്‍ ഭാഷയുടെ പ്രയോജനം ആ ഭാഷ സംസാരിക്കുന്ന ആസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും പ്രയോജനപ്പെടും. ജര്‍മനിയില്‍ മാത്രം നാലു ലക്ഷം വിദഗ്ദ്ധ തൊഴിലവസരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആസ്ട്രിയയില്‍ നൂറോളം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നിലവിലുണ്ടെന്ന് അഡ്വാന്റെജ് ആസ്ട്രിയ പ്രതിനിധി ഹാന്‍സ്‌ജോര്‍ഗ് ഹോര്‍ട്‌നല്‍ ചൂണ്ടിക്കാട്ടി. ജീവശാസ്ത്രമേഖലയിലും സാധ്യതകളേറെയാണ്. മനുഷ്യശേഷിക്കു പകരം വെച്ച് ഓട്ടോമേറ്റഡ് ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ശ്രമങ്ങളിലും സാധ്യതകള്‍ വര്‍ദ്ധിച്ചുവരികയാണ്.

ബൗദ്ധിക സ്വത്തവകാശസംരക്ഷണം പ്രാധാന്യമര്‍ഹിക്കുന്ന നൂതനവിദ്യാ വികസനത്തിന് ഉഭയകക്ഷി സഹകരണം ഉണ്ടാകണമെന്നു സ്വിസ്‌നെക്‌സിന്‍ സി ഇ ഓ ജോനാസ് ബ്രണ്‍ഷ്വിഗ് അഭിപ്രായപ്പെട്ടു. പരമ്പരാഗത മേഖലകള്‍ക്കപ്പുറത്ത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇപ്പോള്‍ അവസരങ്ങള്‍ വരദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഏണസ്റ്റ് ആന്‍ഡ് യംഗ് പാര്‍ട്ണര്‍ രാജേഷ് നായര്‍ മോഡറേറ്ററായിരുന്നു.