ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പറുകള്‍ വാഹന്‍ ഡാറ്റ ബേസില്‍ ഉള്‍പ്പെടുത്തണം: നിര്‍ദ്ദേശവുമായി എംവിഡി

Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന ഉടമകള്‍ ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പറുകള്‍ വാഹന്‍ ഡാറ്റ ബേസില്‍ ഉള്‍പ്പെടുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹന ഉടമകള്‍ക്ക് സ്വന്തമായി അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൊബൈല്‍ നമ്പറുകള്‍ വാഹന്‍ ഡാറ്റ ബേസില്‍ ഉള്‍പ്പെടുത്താനുള്ള അവസാന തീയതി ഫെബ്രുവരി 29 ആണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന സേവനങ്ങള്‍ സുതാര്യവും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

വാഹന ഉടമകള്‍ക്ക് പരിവാഹന്‍ വെബ്‌സൈറ്റ് മുഖാന്തരം മൊബൈല്‍ നമ്പറുകള്‍ ഉള്‍പ്പെടുത്താവുന്നതാണ്. അതേസമയം, സ്വന്തമായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഏതെങ്കിലും രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ടതിനുശേഷം മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി, സമയബന്ധിതമായി തന്നെ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.