തിരുവനന്തപുരം: ബഹിരാകാശ മേഖലയില്‍ ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ക്ക് യോജിച്ച വിധത്തില്‍ പുതിയ ആശയങ്ങള്‍ വികസിപ്പിക്കുന്നതിന് അക്കാദമിക് സ്ഥാപനങ്ങളുമായും ബഹിരാകാശ ഏജന്‍സികളുമായും സ്റ്റാര്‍ട്ടപ്പുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധര്‍.
ഹഡില്‍ ഗ്ലോബല്‍ അഞ്ചാം പതിപ്പിനോടനുബന്ധിച്ച് ബഹിരാകാശ മേഖലയും സ്റ്റാര്‍ട്ടപ്പുകളും എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ബഹിരാകാശ മേഖലയില്‍ മുന്നേറുന്നതിന് സഹകരണം ആവശ്യമാണെന്ന അഭിപ്രായം ഉയര്‍ന്നത്.
നവീന ആശയങ്ങള്‍ക്കായി സ്‌പേസ് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച ഗവേഷണ സ്ഥാപനങ്ങളെയും സര്‍വകലാശാലകളെയും കണ്ടെത്തണമെന്ന് ഹെക്‌സ് 20 ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലോയിഡ് ജേക്കബ് ലോപ്പസ് പറഞ്ഞു. യു.എസ്.എ, ഫ്രാന്‍സ്, ആസ്‌ട്രേലിയ, ഐഎസ്ആര്‍ഒ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് പുറമേ തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുമായും തന്റെ കമ്പനിക്ക് സഹകരണമുള്ളതായി അദ്ദേഹം പറഞ്ഞു.
ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഷ്യ പസഫിക് മേഖലയില്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ അനേകം അവസരങ്ങള്‍ ഉള്ളതായി ലോപ്പസ് ചൂണ്ടിക്കാട്ടി. ബഹിരാകാശ മേഖലയില്‍ പ്രഗത്ഭരായ ധാരാളം ആളുകള്‍ ഇന്ത്യയിലുണ്ട്, അക്കാദമികളും ഐഎസ്ആര്‍ഒ പോലുള്ള ബഹിരാകാശ ഏജന്‍സികളും തമ്മില്‍ സഹകരണം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
വിപണിയിലെ സ്വീകാര്യത തെളിയിക്കപ്പെടുക എന്നതാണ് ഈ മേഖലയിലെ നിക്ഷേപകരെ സംബന്ധിച്ച യഥാര്‍ത്ഥ വെല്ലുവിളിയെന്ന് സ്‌പെഷ്യല്‍ ഇന്‍വസ്റ്റ് ഫണ്ട് മാനേജിംഗ് പാര്‍ട്ണര്‍ വിശേഷ് രാജാറാം പറഞ്ഞു. ആദ്യത്തെ മൂന്ന് വര്‍ഷം കമ്പനി ശരിയായ പാതയിലാണ് മുന്നേറുന്നതെന്ന് നിക്ഷേപകന് സ്വയം ബോധ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
അക്കാദമിക് സ്ഥാപനങ്ങളും ബഹിരാകാശ ഏജന്‍സികളും തമ്മിലുള്ള സഹകരണം സാമ്പത്തിക സഹായം സൃഷ്ടിക്കാന്‍ പര്യാപ്തമാകുമെന്നും സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക ഉത്പന്നത്തിന് എങ്ങനെ വിപണിയില്‍ സ്വീകാര്യത ഉറപ്പാക്കുമെന്ന് തിരിച്ചറിയണമെന്നും മദ്രാസ് ഐഐടി യിലെ പ്രൊഫസറായ സത്യനാരായണന്‍ ചക്രവര്‍ത്തി പറഞ്ഞു. അല്ലാത്തപക്ഷം ലാബിലെ പരീക്ഷണങ്ങളില്‍ മാത്രമായി നമ്മള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കുന്നതും അവസരങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നതും വളരെ പ്രധാനമാണെന്ന് അഗ്‌നികുല്‍ കോസ്‌മോസിന്റെ സഹസ്ഥാപകനും സിഇഒയുമായ ശ്രീനാഥ് രവിചന്ദ്രന്‍ പറഞ്ഞു.ബഹിരാകാശ മേഖലയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് മതിയായ പിന്തുണ നല്‍കേണ്ടതുണ്ടെന്ന് മാക്33 എയ്‌റോ ആക്‌സിലറേറ്ററിന്റെ ഡയറക്ടറും സോഷ്യല്‍ ആല്‍ഫ പ്രിന്‍സിപ്പലുമായ ഹര്‍ഷന്‍ വാഴക്കുന്നം പറഞ്ഞു. ട്രിനിറ്റി കോളേഡ് ഓഫ് എഞ്ചിനീയറിംഗ് സ്ട്രാറ്റജിക് ഡയറക്ടറും പ്രിന്‍സിപ്പലുമായ ഡോ.അരുണ്‍ സുരേന്ദ്രന്‍ മോഡറേറ്ററായിരുന്നു.
സുരക്ഷാ ലംഘന അറിയിപ്പുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധിക്കണമെന്നും ഡാറ്റ മോഷണം വ്യാപകമായതിനാല്‍ ഓരോ ലംഘനവും രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള മറ്റൊരു സെഷനില്‍ സംസാരിച്ച നെക്സ്റ്റ്‌ജെന്‍ സെക്യൂരിറ്റി ഓപ്പറേഷന്‍സ് ആന്‍ഡ് റെസ്‌പോണ്‍സ് ഗ്ലോബല്‍ ലീഡര്‍ ലാന്‍സ് ലോറന്‍സ് പറഞ്ഞു. ഇത് ഒരു ദശലക്ഷം ഡോളര്‍ മൂല്യമുളള ബിസിനസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയായ ഹഡില്‍ ഗ്ലോബല്‍ അഞ്ചാം പതിപ്പില്‍ ഇന്ത്യയിലും വിദേശത്ത് നിന്നുമായി 15,000 പ്രതിനിധികള്‍ പങ്കെടുത്തു. റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ലൈഫ് സയന്‍സസ്, സ്‌പേസ് ടെക്, ബ്ലോക്ക് ചെയിന്‍, ഇഗവേണന്‍സ്, ഫിന്‍ടെക്, ഹെല്‍ത്ത്‌ടെക്, അഗ്രിടെക്, എഡ്യൂടെക് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള അത്യാധുനിക ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു.