മരണവും പോരാട്ടമാക്കിയാണ് റസാഖ് പയമ്പ്രോട്ട് നമ്മോട് വിട പറഞ്ഞത്. ഇന്നലെ ഇട്ട വീഡിയോയിയില്‍ അദ്ദേഹം തന്റെ ജ്യേഷ്ഠന്റെ മരണത്തിക്കുറിച്ച് പറഞ്ഞ വാക്കുകള്‍ കടമെടുത്താല്‍ ഇത് ഒരു മരണമല്ല. കൊലപാതകമാണ്. പയമ്പ്രോട്ട് കുടുംബത്തില്‍ തലമുറകളായി എഴുപത് വയസിന് മുകളിലാണ് എല്ലാവരും മരിച്ചതെന്നും ആ നിലയ്ക്ക് തന്റെ ജ്യേഷ്ഠന്റെ മരണം പന്ത്രണ്ട് വര്‍ഷം മുമ്പാണെന്നും റസാഖ് പയമ്പ്രോട്ട് ഇന്നലെ എഫ് ബിയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെയാണ് 57 വയസ്സുള്ള റസാഖ് പയമ്പ്രോട്ടിന്റെ മരണവും അദ്ദേഹത്തിന്റെ ഭാഷയില്‍ കൊലപാതകമാകുന്നത്.
കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയകളില്‍ ഇല്ലാതിരുന്ന റസാഖ് പയമ്പ്രോട്ട് രണ്ട് ദിവസം മുമ്പാണ് വീണ്ടും സജീവമായി രംഗത്തെത്തിയത്. പുളിക്കല്‍ പഞ്ചായത്തിനും തന്റെ ജ്യേഷ്ഠന്റെ മരണത്തിന് കാരണമായ പ്ലാസ്റ്റിക് കമ്പനിക്കെതിരെയുമുള്ള പോസ്റ്റുകളും തെളിവുകളുമായിട്ടായിരുന്നു രംഗ പ്രവേശം. എഫ് ബിയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ വിജയം ഉറപ്പാണെന്നും രേഖകളും തെളിവുകളും സഹിതം അദ്ദേഹം സമര്‍ത്ഥിക്കുന്നുമുണ്ട്. ഈ വീഡിയോ പോസ്റ്റ് ചെയ്ത് 24 മണിക്കൂര്‍ കഴിയുന്നതിന് മുമ്പാണ് അദ്ദേഹം ജീവനൊടുക്കിയെന്ന വാര്‍ത്ത വരുന്നത്. അതുകൊണ്ട് തന്നെ അത് ഉള്‍ക്കൊള്ളാനോ വിശ്വസിക്കാനോ കഴിയുന്നുമില്ല.
ജ്യേഷ്ഠന്റെ മരണം അദ്ദേഹത്തെ ഏറെ ഉലച്ചിരുന്നു. അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ നിന്നും ഇത് വ്യക്തവുമായിരുന്നു. ഇടക്ക് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വയനാട്ടിലെ ഡി എം വിംസ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന അദ്ദേഹം സന്ദര്‍ശകര്‍ക്ക് വിലക്കുള്ളതിനാല്‍ വരേണ്ടെന്നും അടുത്ത് തന്നെ ഒരിക്കല്‍ വയനാട്ടിലേക്ക് വരുന്നുണ്ടെന്നും അപ്പോള്‍ കാണാമെന്നുമാണ് പറഞ്ഞിരുന്നത്. മരണത്തിന് തലേ ദിവസം പോലും പോരാട്ടത്തെ കുറിച്ചും വിജയത്തെ കുറിച്ചും മാത്രം സംസാരിച്ച ഒരാള്‍ ഇത്തരത്തില്‍ ജീവനൊടുക്കുമെന്ന് വിശ്വസിക്കുക പ്രയാസം തന്നെയാണ്.
ഇതേവരെ നടത്തിയ പോരാട്ടങ്ങളുടെയെല്ലാം അക്ഷരക്കൂട്ടുകളാക്കി കഴുത്തില്‍ തൂക്കി പഞ്ചായത്ത് ഓഫീസില്‍ ജീവനൊടുക്കിയിരിക്കുകാണ്. ഇനിയെങ്കിലും ആ കുടുംബത്തിനും അദ്ദേഹത്തിനും നീതി കിട്ടണം. അദ്ദേഹത്തിന്റെ ജ്യേഷഠന്റെ കാര്യത്തില്‍ നീതി കിട്ടിയിരുന്നെങ്കില്‍ ഒരു മരണം ഒഴിവാക്കാമായിരുന്നു. പണത്തിനും സ്വാധീനത്തിനും വഴങ്ങി ഭരിക്കുന്നവരും ഉദ്യോഗസ്ഥരും നീതി മറക്കുന്ന കാലത്തോളം ഇത്തരത്തിലുള്ള മരണങ്ങളും തുടരുക തന്നെ ചെയ്യും.