കന്യാകുമാരി: ഒരു വയസുള്ള കുഞ്ഞിനെ മദ്യം കുടിപ്പിച്ച ശേഷം തലക്കടിച്ച് കൊന്ന അമ്മയും കാമുകനും അറസ്റ്റില്‍. മത്സ്യത്തൊഴിലാളിയായ ഇരയമന്‍തുറ സ്വദേശി ചീനുവിന്റെ മകന്‍ അരിസ്‌റ്റോ ബ്യൂലനെ (ഒന്ന്) കൊന്ന കേസിലാണ് അമ്മ പ്രബിഷയും (27), കാമുകനായ നിദ്രവിള, സമത്വപുരം സ്വദേശി മുഹമ്മദ് സദാം ഹുസൈനും (32) അറസ്റ്റിലായത്.
പ്രബിഷയും കാമുകനായ സദാം ഹുസൈനും മദ്യപിക്കുന്നതിനിടെ കുട്ടിയായ അരിസ്‌റ്റോ ബ്യൂലന്‍ വിശന്നു കരഞ്ഞു. കരച്ചില്‍ ശല്യമായി തോന്നിയതോടെ വായില്‍ മദ്യമൊഴിച്ച ശേഷം തലയില്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് കഴുത്ത് ഞെരിക്കുകയുമായിരുന്നു. മദ്യം നല്‍കിയ ശേഷം കുട്ടിയെ ഒരു മണിക്കൂര്‍ ക്രൂരമായി മര്‍ദിച്ചെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പൊലീസിനെ അറിയിച്ചത്.
നാലുവര്‍ഷം മുമ്പാണ് ചീനുവിനും പ്രബിഷയും വിവാഹിതരായത്. എന്നാല്‍ അടുത്തിടെ സദാം ഹുസൈനുമായി പ്രബിഷ അടുപ്പത്തിലായി. ഇതോടെ ചീനുവും പ്രബിഷയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുന്നത് പതിവായി. തുടര്‍ന്നാണ് പ്രബിഷ ഇളയ മകന്‍ അരിസ്‌റ്റോ ബ്യൂലനെയുമായി സദാം ഹുസൈനൊപ്പം വീടുവിട്ടിറങ്ങിയത്.
കഴിഞ്ഞ 14നാണ് ഇവര്‍ തൂത്തുക്കുടിയില്‍ നിന്നും അഞ്ചുഗ്രാമത്തിലുള്ള കോഴി പണയിലെത്തിയത്. സദാം ഹുസൈനും പ്രബിഷയ്ക്കും രാത്രിയില്‍ മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. സംഭവ ദിവസം രാത്രി ഇരുവരും മദ്യപിക്കുന്നതിനിടെയാണ് വിശപ്പുകാരണം അരിസ്‌റ്റോ ബ്യൂലന്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് കരഞ്ഞത്. തങ്ങള്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുഞ്ഞ് കരഞ്ഞതാണ് ഇരുവരേയും പ്രകോപിപ്പിച്ച് കൊലയിലേക്ക് നയിച്ചത്.
സദാം ഹുസൈനാണ് കുട്ടിയുടെ വായില്‍ മദ്യം ഒഴിച്ചത്. പിന്നീട് കരച്ചില്‍ നിറുത്താത്തതിനെ തുടര്‍ന്ന് കുട്ടിയുടെ തലയില്‍ മര്‍ദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. ബോധം നഷ്ടമായ കുട്ടിയെ മാതാവായ പ്രബിഷ തണുത്ത വെള്ളത്തിലും ചൂട് വെള്ളത്തിലും മുക്കിപ്പിടിച്ചു. ബോധം വരാത്തതിനെ തുടര്‍ന്ന് നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടത്തിയപ്പോളാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.