ഹോട്ടലില്‍ നിന്നും ഷവായി കഴിച്ച ഇരുപതോളം പേര്‍ ആശുപത്രിയില്‍

Kerala

ആലപ്പുഴ: ഹോട്ടലില്‍ നിന്നും ഷവായി കഴിച്ച ഇരുപതോളം പേര്‍ ആശുപത്രിയില്‍. കായംകുളത്ത് താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ നിന്നും ഷവായി കഴിച്ചവരാണ് ഭക്ഷ്യ വിഷ ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിരിക്കുന്നത്. ഇവിടെ നിന്നും കഴിഞ്ഞ ദിവസം രാത്രി ഷവായി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

പലര്‍ക്കും ഇന്നലെ ഉച്ചയോടെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്. നിരവധിപേര്‍ സമാന സ്വഭാവത്തിലുള്ള രോഗലക്ഷണങ്ങളുമായി എത്തിയതോടെയാണ് ഭക്ഷ്യവിഷബാധയാണെന്ന നിഗമനത്തിലെത്തിയത്. തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം ഇടപെട്ട് ഹോട്ടല്‍ പൂട്ടി. മുതുകുളം, കായംകുളം, ഇലിപ്പക്കുളം പ്രദേശത്തുള്ളവരാണ് ഗവ. ആശുപത്രിയില്‍ എത്തിയത്. വിവിധ സ്വകാര്യ ആശുപത്രികളിലും നിരവധി പേര്‍ ചികിത്സ തേടിയിട്ടുണ്ട്.

പുതിയിടം സ്വദേശി വിഷ്ണു (27), എരുവ സ്വദേശി രാഹുലുണ്ണി (27), ഇലിപ്പക്കുളം സ്വദേശികളായ റാഫി (28), ഹിലാല്‍ (29), നാസിക് (27), അഫ്‌സല്‍ (28), മന്‍സൂര്‍ (27) തുടങ്ങിയവര്‍ താലൂക്ക് ആശുപത്രിയിലും ഇലിപ്പക്കുളം സ്വദേശികളായ നിഷാദ് (27), അജ്മല്‍ (28), കണ്ണനാകുഴി സ്വദേശി അജ്മല്‍ (27) തുടങ്ങിയവര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.