തിരുവനന്തപുരം: കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഡി വൈ എഫ് ഐയുടെയും സര്‍ക്കാരിന്റെയും നടപടിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. കല്യാശ്ശേരി മുതല്‍ കൊല്ലം വരെ ഞങ്ങളെ ഉപദ്രവിച്ച കേസുകളില്‍ ശരിയായ വകുപ്പുകള്‍ ചേര്‍ത്ത് ക്രിമിനലുകളെ അറസ്റ്റ് ചെയ്ത് ജയിലിലടിച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ്. എണ്ണി എണ്ണിയടിക്കുമെന്നും ആരൊക്കെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതെന്ന് തങ്ങള്‍ക്കറിയമെന്നും ഇവരുടെ പേരും അഡ്രസ്സുമെല്ലാം തങ്ങളുടെ കയ്യിലുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി. സതീശന്‍ പറഞ്ഞു.
ക്രിമിനലുകളെ അഴിക്കുള്ളില്‍ അടച്ചില്ലെങ്കില്‍ കല്യാശ്ശേരിയില്‍നിന്ന് തന്നെ തുടങ്ങും. അവരെ സംരക്ഷിക്കും. ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ പറ്റിയില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസിന്റേയും കെ എസ് യുവിന്റേയും കുട്ടികളെ സംരക്ഷിക്കാന്‍ പറ്റിയില്ലെങ്കില്‍, ഉള്ള സ്ഥാനം വലിച്ചെറിഞ്ഞ് സന്ന്യാസത്തിനു പോവുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരുടെ ദേഹം നൊന്തിട്ടുണ്ടെങ്കില്‍, നിലവിളിച്ചിട്ടുണ്ടെങ്കില്‍, പരുക്കേറ്റിട്ടുണ്ടെങ്കില്‍, അവരുടെ ചോര ഈ മണ്ണില്‍ വീണിട്ടുണ്ടെങ്കില്‍, നിയമപരമായ നടപടി നിങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഉറപ്പായും തിരിച്ചടിക്കും. അതിന്റെ കൂടെ ഞങ്ങളുണ്ടാവും. പുറത്തുനിന്ന് പറയാനല്ല, കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.