സ്‌കൂളിലെ വെടിവെപ്പ്; പ്രാങ്കാണെന്ന് വിചാരിച്ച് കുട്ടികള്‍ ആദ്യം ചിരിച്ചെന്ന് അധ്യാപിക

Thrissur

തൃശൂര്‍: സ്‌കൂളിലെ വെടിവെപ്പില്‍ പ്രതികരണവുമായി അധ്യാപിക. ക്ലാസ് എടുത്തുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അയാള്‍ ക്ലാസിലേക്ക് കയറി വന്നത്. ക്ലാസില്‍ കയറിയതും വാതില്‍ അടയ്ക്കുകയും കയ്യില്‍ നിന്നും ഒരു തോക്കെടുക്കുകയും ചെയ്തു. സ്‌കൂളിലെ ഒരു അധ്യാപകന്റെ വിവരങ്ങള്‍ ആ സമയം യുവാവ് അന്വേഷിച്ചിരുന്നതായും അധ്യാപിക പറയുന്നു.

യുവാവിന്റെ അതിക്രമം കുട്ടികള്‍ പ്രാങ്കാണെന്നാണ് ആദ്യം വിചാരിച്ചത്. കുട്ടികള്‍ ചിരിച്ചതിന് പിന്നാലെയാണ് ഇയാള്‍ മുകളിലേക്ക് വെടിയുതിര്‍ത്തത്. ഇതു കണ്ടതോടെ കുട്ടികള്‍ പേടിച്ചെങ്കിലും പുറത്തിറങ്ങാന്‍ ആകില്ലായിരുന്നു. കുട്ടികളെ ഒറ്റയ്ക്കാക്കി പുറത്തിറങ്ങിയാല്‍ കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തലോ എന്ന് ഭയപ്പെട്ടതായും പ്രതി പുറത്തേയ്ക്ക് പോയ സമയം തന്നെ വാതില്‍ അകത്ത് നിന്ന് പൂട്ടുകയായിരുന്നുവെന്നും അധ്യാപിക പറഞ്ഞു.

രാവിലെ 10.15ഓടെയാണ് തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ യുവാവ് പരാക്രമം നടത്തിയത്. പ്രതി ലഹരിക്ക് അടിമയാണെന്നാണ് അധ്യാപകര്‍ ആരോപിക്കുന്നത്. സെപ്റ്റംബര്‍ 28ന് ട്രിച്ചൂര്‍ ഗണ്‍ ബസാറില്‍ നിന്നും 1800 രൂപയ്ക്ക് വാങ്ങിയ എയര്‍ഗണ്‍ ആണ് പ്രതി ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.