കോഴിക്കോട്: എഴുത്തുകാരി പി വത്സല (84) നിര്യാതയായി. മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. സാഹിത്യകാരി എന്നതിന് പുറമേ അധ്യാപിക, സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച വ്യക്തിത്വമായിരുന്നു പി വത്സലക്കുണ്ടായിരുന്നത്.
മലയാള സാഹിത്യരംഗത്ത് 1960കള്‍ മുതല്‍ സജീവമായിരുന്നു പി വത്സല. തിരുനെല്ലിയുടെ കഥാകാരിയെന്നായിരുന്നു വത്സല അറിയപ്പെട്ടിരുന്നത്. മുഖ്യധാരയില്‍ നിന്ന് അകന്നുനില്‍ക്കുകയോ അകറ്റപ്പെടുകയോ ചെയ്ത ഒരു സമൂഹത്തെ തന്റെ എഴുത്തുകളിലൂടെ പുറം ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ വത്സല എന്നും ശ്രമിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി മുന്‍ അധ്യക്ഷയാണ്. നോവലിനും സമഗ്ര സംഭാവനയ്ക്കുമുള്ള അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
കാനങ്ങോട്ട് ചന്തുവിന്റെയും എലിപ്പറമ്പത്ത് പത്മാവതിയുടെയും മകളായി 1939 ഓഗസ്റ്റ് 28ന് കോഴിക്കോട് വെള്ളിമാടുകുന്നില്‍ ജനിച്ചു. 1993ല്‍ കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിങ് കോളജ് പ്രധാനാധ്യാപികയായി വിരമിച്ചു. വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ മുന്‍നിര്‍ത്തി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണു ശ്രദ്ധേയയായത്. ‘തകര്‍ച്ച’ ആണ് ആദ്യ നോവല്‍. തിരക്കില്‍ അല്‍പം സ്ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരന്‍, അന്നാമേരിയെ നേരിടാന്‍, കറുത്ത മഴ പെയ്യുന്ന താഴ്‌വര, ചാമുണ്ഡിക്കുഴി, പേമ്പി, ഉണിക്കോരന്‍ ചതോപാധ്യായ, എന്നിവ ചെറുകഥാസമാഹാരങ്ങളാണ്.