കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദിനതന്തി തമിഴ്പത്രത്തിന്റെ ലേഖകനുമായിരുന്ന ആര്‍ ശ്രീനിവാസന്‍ (86) ബിലാത്തിക്കുളം ഹൗസിംഗ് കോളനിയിലെ വസതിയില്‍ അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെതുടര്‍ന്ന് തിങ്കളാഴ്ചയാണ് എരഞ്ഞിപ്പാലത്തെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ പുലര്‍ച്ചെ 5.45ന് ആശുപത്രിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴിന് വസതിയില്‍ എത്തിക്കും. സംസ്‌കാരം ഉച്ചയ്ക്ക് 12ന് കോഴിക്കോട് പുതിയപാലം തളി ബ്രാഹ്മണ സമൂഹം ശ്മശാനത്തില്‍.
സുഹൃത്തുക്കള്‍ക്കിടയില്‍ സ്വാമി എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം ഹിന്ദുവിന്റെ കോഴിക്കോട്ടെ റിപ്പോര്‍ട്ടറായിരുന്ന പരേതരായ ടി.എന്‍ രാമസ്വാമിയുടെയും സീതാലക്ഷ്മിയുടെയും മകനാണ്.തമിഴ്‌നാട്ടിലെ രാമനാട് ജില്ലയിലെ പാകനേരിക്കടുത്ത തുരുമ്പുപെട്ടി ഗ്രാമത്തില്‍ നിന്നാണ് ഹിന്ദു ലേഖകനായി 1930കളില്‍ രാമസ്വാമി കോഴിക്കോട്ട് എത്തിയത്. പിന്നീട് ഇവിടെ സ്ഥിരതാമസമാക്കി.ശ്രീനിവാസന്‍ അടുത്ത കാലം വരെ റിപ്പോര്‍ട്ടിംഗ് രംഗത്തുണ്ടായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും കേരള സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: പാലക്കാട് മേലാര്‍കോഡ് സ്വദേശിനിയായ സുശീല. മകള്‍: വിജയ. മരുമകന്‍: പരേതനായ വെങ്കിടാചലം. സഹോദരന്‍: പരേതനായ നാരായണ സ്വാമി.