ബാര്‍ ഹോട്ടലില്‍ ക്യാബിനറ്റ് യോഗം; തലശ്ശേരിയിലെ ക്യാബിനറ്റില്‍ വിവാദം പുകയുന്നു

Kerala

കണ്ണൂര്‍: ബാര്‍ ബോട്ടലില്‍ ക്യാബിനറ്റ് യോഗം ചേര്‍ന്നതില്‍ വിവാദം പുകയുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ക്യാബിനറ്റ് യോഗം സ്വകാര്യ ബാര്‍ ഹോട്ടലില്‍ നടക്കുന്നത്. നവകേരള സദസ്സിനോടനുബന്ധിച്ചുള്ള ആദ്യ മന്ത്രിസഭ യോഗം തലശ്ശേരിയിലെ ബാര്‍ അറ്റാച്ച്ഡ് ഹോട്ടലിലാണ് ചേര്‍ന്നത്. തലശ്ശേരിയിലും, കണ്ണൂരിലും സര്‍ക്കാര്‍ റസ്റ്റ് ഹൗസും ആധുനിക സൗകര്യങ്ങളുള്ള ഓഫിസ് കെട്ടിടങ്ങളും ഉള്ളപ്പോഴാണ് സ്വകാര്യ ബാര്‍ ഹോട്ടലില്‍ മന്ത്രി സഭാ യോഗം ചേര്‍ന്നിരിക്കുന്നത്.

തലശ്ശേരി കൊടുവള്ളിയില്‍ ദേശീയ പാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്വകാര്യ ഹോട്ടലിലാണ് ഇന്ന് രാവിലെ മന്ത്രിസഭ യോഗം ചേര്‍ന്നത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി മന്ത്രിസഭ യോഗം തലശ്ശേരിയില്‍ ചേരുന്നുവെന്ന് കൊട്ടിഘോഷിച്ച് കൊണ്ടാണ് മന്ത്രിസഭ യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വകാര്യ ബാര്‍ ഹോട്ടലില്‍ നടന്നത്. കൊടുവള്ളി പേള്‍വ്യൂ റെസിഡന്‍സിയിലായിരുന്നു ക്യാബിനറ്റ് നടന്നത്.

സര്‍ക്കാര്‍ റസ്റ്റ്ഹൗസും അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സര്‍ക്കാര്‍ ഓഫിസ് സമുച്ചയവും നിലവില്‍ ഉള്ളപ്പോള്‍ സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന മന്ത്രിസഭ യോഗവും സാമ്പത്തിക ധൂര്‍ത്താണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ മന്ത്രി സഭ യോഗം സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്നതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന ആവശ്യവുമായി കണ്ണൂര്‍ ഡി സി സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് രംഗത്തെത്തി.

തുടര്‍ച്ചയായി അഞ്ചാഴ്ച അഞ്ച് ജില്ലകളിലായി ഇത്തരത്തില്‍ യോഗങ്ങള്‍ ചേരുമെന്നാണ് അറിയിച്ചത്. തലശ്ശേരി (നവംബര്‍ 22), മലപ്പുറത്തെ വള്ളിക്കുന്ന് (നവംബര്‍ 28), തൃശൂര്‍ (ഡിസംബര്‍ 6), പീരുമേട് (ഡിസംബര്‍ 12), കൊല്ലം (ഡിസംബര്‍ 20) എന്നിവിടങ്ങളിലാണ് മന്ത്രിസഭാ യോഗം ചേരുമെന്ന് അറിയിച്ചത്. ഇതില്‍ ആദ്യത്തേതാണ് ഇന്ന് നടന്നത്.

ക്യാബിനറ്റ് മീറ്റിംഗുകള്‍ അതിന്റെ നിയുക്ത സ്ഥലത്തിനും പുറത്ത് നടത്തുന്ന ആശയം പുതിയതല്ലെങ്കിലും, സംസ്ഥാന തലസ്ഥാനത്തിന് പുറത്ത് തുടര്‍ച്ചയായി അഞ്ച് മന്ത്രിസഭാ യോഗങ്ങള്‍ നടക്കുന്നത് ഇതാദ്യമാണ്. കോവിഡ് 19 ലോക്ക്ഡൗണ്‍ സമയത്ത്, സംസ്ഥാന മന്ത്രിസഭ ഓണ്‍ലൈനായി നടന്നിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷവും സാധാരണ നില പുനഃസ്ഥാപിക്കുന്നതുവരെ ഈ രീതി തുടര്‍ന്നിരുന്നു.