വാക്ശരം /ടി കെ ഇബ്രാഹിം
എസ്.കെ. പൊറ്റെക്കാടിന്റെ ‘വിഷകന്യക’ എ.ആര്‍. നാരായണന്‍ നായരുടെ അക്കാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ‘ഓടയും മുളയും ‘ ഇത്രയൊക്കെയേ അഞ്ചു പതിറ്റാണ്ടിനപ്പുറത്തെ വയനാടിന്റെ സാഹിത്യ ഭൂമികയെ അടയാളപ്പെടുത്തുന്ന നിഴല്‍ ചിത്രങ്ങളായവശേഷിക്കുന്നുള്ളൂ. ഭൂമിശാസ്ത്രപരമായി ഒരു ദേശത്തിന്റെ ഏകാന്തതയും ഒറ്റപ്പെടലും അവിടങ്ങളിലധിവസിക്കുന്ന ജനതയ്ക്ക് ചരിത്രമില്ലെന്നര്‍ത്ഥമാക്കുന്നില്ല. ആരും കുഴിച്ചെടുക്കാത്ത ഖനിജങ്ങള്‍ പോലെ അവമണ്ണടരുകളില്‍ ധ്യാനിച്ചിരിക്കുന്നു. ഒരു ചരിത്രാന്വേഷിയുടെ വിരല്‍ സ്പ്പര്‍ശമേല്‍ക്കും വരെ.
ഈ ഇരുള്‍ തടത്തിലേയ്ക്കാണ് പി വല്‍സല എന്ന എഴുത്തുകാരി ചുരം കയറിയെത്തിയത്. നെല്ല് എന്ന കൃതി മലയാളിയുടെ നിരന്തര പരിണാമിയായ ഭാവുകത്വമണ്ഡലത്തില്‍ പൊള്ളലേല്പിച്ചു. വൈകാതെ ചെമ്മീന്‍ പോലുള്ള അനശ്വര സിനിമകളുടെ സംവിധായകന്‍ രാമു കാര്യാട്ട് നെല്ലിന് അതേ പേരില്‍ ദൃശ്യാഖ്യാനം നല്‍കി. അതിഭാവുകത്തെ പുല്‍കുന്ന ദൃശ്യപരിചരണങ്ങളാല്‍ യാഥാര്‍ത്ഥ്യത്തിന് നേര്‍ത്ത
മങ്ങലേല്പിച്ചുവെങ്കിലും ആ ചലച്ചിത്ര പരിശ്രമവും സാര്‍ത്ഥകമായി. നോവലുകൊണ്ടെന്ന പോലെ ആ സിനിമയും വയനാടിന് ലോകത്തിനു മുമ്പില്‍ ദൃശ്യത നല്‍കി.

ഏതോ പ്രകാരങ്ങളില്‍ ദേശത്തിന്റെ ശിരോരേഖ തന്നെ അവ മാറ്റിക്കുറിച്ചു. ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയിലെ സ: വര്‍ഗ്ഗീസിന്റെ വിമോചന പോരാട്ടങ്ങള്‍ രക്തസാക്ഷിത്വത്തില്‍ പര്യവസാനിച്ചപ്പോള്‍ ആഗ്‌നേയംപോലുള്ള കൃതികളില്‍ ആ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ വത്സല പുനരാഖ്യാനം ചെയ്തു. ഗോത്ര പിതാമഹരുടെ ആത്മാവുകള്‍ തുടിയൊച്ചകളായി പ്രതിദ്ധ്വനിക്കുന്ന ഇടം, അനേക ശതാബ്ദങ്ങളായി പിതൃക്കളെ ശാന്തിതീരമണയ്ക്കാന്‍ കാളിന്ദീ പുളിനങ്ങള്‍ ഏറ്റുവാങ്ങുന്ന തിരുനെല്ലി, ഗാര്‍സ്യാ മാര്‍കേസിന്റെ ‘ മാല്‍കൊണ്ട ‘ പോലെ എം.ടി.യുടെ കൂടല്ലൂരു പോലെ വല്‍സലയുടെ സര്‍ഗ്ഗഭൂമിയായിരുന്നു എന്നും തിരുനെല്ലി. നീലക്കുന്നുകള്‍ അതിരിട്ടു നില്‍ക്കുന്ന തിരുനെല്ലിയെന്ന ഗോത്ര ഭൂമിയുടെ ആത്മാവിനെ ആവാഹിച്ച പ്രിയപ്പെട്ടകഥാകാരിക്ക് അന്ത്യ പ്രണാമം.