കലോത്സവം കഴിഞ്ഞതിന് പിന്നാലെ വേദിയില്‍ പൊരിഞ്ഞ തല്ല്; നാല് അധ്യാപകര്‍ക്കെതിരെ കേസ്

Palakkad

പാലക്കാട്: മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം കഴിഞ്ഞതിന് പിന്നാലെ വേദിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. കലോത്സവത്തിലെ ഓവര്‍റോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ നല്‍കിയ ശേഷം വിദ്യാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. ഇത് അതിരുകടന്നതോടെയാണ് സംഘര്‍ഷം ഉടലെടുത്തത് പൊരിഞ്ഞ അടിയില്‍ കലാശിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. പൊലീസെത്തി ലാത്തിവീശിയാണ് ഒടുവില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും തുരത്തി സംഘര്‍ഷം ലഘൂകരുച്ചത്.

കലോത്സവത്തിന്റെ ചാമ്പ്യന്‍ഷിപ്പ് ട്രോഫി വിതരണത്തിന് ശേഷം വിജയികളായവര്‍ പടക്കം പൊട്ടിച്ചു. പടക്കത്തിന്റെ ചീളുകള്‍ ദേഹത്തേക്ക് പതിക്കുന്നുവെന്നാരോപിച്ചാണ് ആദ്യം വാക്കേറ്റമുണ്ടായത്. പിന്നീട് അത് സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. കസേരകള്‍ അടക്കം എടുത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലി. അധ്യാപകര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് സംഘാടകര്‍ പലകുറി ആവശ്യപ്പെട്ടെങ്കിലും അധ്യാപകര്‍ നിസ്സഹായരായി നിന്നു. തുടര്‍ന്നാണ് പൊലീസെത്തി ലാത്തി വീശി പ്രശ്‌നം പരിഹരിച്ചത്. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവര്‍ മണ്ണാര്‍ക്കാട് മദര്‍, വൈശാഖ് ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നാല് അധ്യാപകര്‍ക്കെതിരെ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു.