പട്ടാമ്പി സംസ്‌കൃത കോളെജിലും എസ് എഫ് ഐയുടെ ക്രൂരത, റാഗിംഗ് എന്ന പേരില്‍ രണ്ടുവിദ്യാര്‍ത്ഥികളെ വകവരുത്താന്‍ ശ്രമം

Palakkad

പാലക്കാട്: കാമ്പസുകളില്‍ എസ് എഫ് ഐ നടത്തുന്ന ക്രൂരതയുടെ കഥ വീണ്ടും. പാലക്കാട് പട്ടാമ്പി സംസ്‌കൃത കോളേജിലുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് എസ് എഫ് ഐക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബി എ സംസ്‌കൃതം, മലയാളം വിദ്യാര്‍ത്ഥികളായ റഷീംദ്, സഫ്‌വാന്‍ എന്നിവരെ എസ് എഫ് ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പൂക്കോട് വെറ്ററിനറി കോളെജില്‍ ഒരു വിദ്യാര്‍ത്ഥിയെ ക്രൂരമായി പീഡിപ്പിച്ച് കൊലയ്ക്ക് കൊടുത്ത വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും കേരളം മുക്തമായിട്ടില്ല. അതിനിടെയാണ് മറ്റിടങ്ങളിലും സമാന രീതിയില്‍ മര്‍ദന കഥ പുറത്തുവരുന്നത്.

സംഭവത്തെ കുറിച്ച് പൊലീസിലും അധ്യാപകര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഇരയായവര്‍ പറയുന്നു. കലാലയത്തിലെ ഭരണം നഷ്ടമായത് മുതല്‍ എസ് എഫ് ഐ നിരന്തരം ആക്രമണം അഴിച്ചുവിടുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. എന്നാല്‍ നേതാക്കള്‍ക്കെതിരെ പരാതിപ്പെടാന്‍ ആര്‍ക്കും ധൈര്യമില്ല എന്നതാണ് വാസ്തവം.

കാമ്പസുകള്‍ അക്രമങ്ങളുടെ കോട്ടയക്കുന്നതില്‍ എസ്എഫ്‌ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ പങ്കുകൂടിയാണ് ഇതിലൂടെ പുറത്തുവരുന്നത്.