ഭരണങ്ങാനത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ ഹെലന് അലക്സിനെ കണ്ടെത്തുന്നതിനായി നേവിയുടെ സഹായം തേടിയതായി മാണി സി കാപ്പന് എം എല്‍ എ
പാല: സ്കൂള്‍ വിട്ട് വിട്ടിലേക്ക് മടങ്ങുന്നതിനിടെ കാല് വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍ പെട്ട് കാണാതായ പെണ്‍കുട്ടിയെ ഇനിയും കണ്ടെത്താനായില്ല. പടിഞ്ഞാറേ പൊരിയത്ത് അലക്സിന്റെ (സിബിച്ചന്) മകള്‍ ഹെലന് അലക്സിനെ (13) കാണാതായത്. ഭരണങ്ങാനം എസ് എച്ച് ഗേള്‍സ് ഹൈസ്കൂളിലെ 8ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
ഇന്നലെ വൈകിട്ട് 5നു ഭരണങ്ങാനം ചിറ്റാനപ്പാറയ്ക്കു സമീപമാണു സംഭവം. ഹെലന്റെ ഒപ്പമുണ്ടായിരുന്ന നിവേദ്യയെ രക്ഷപ്പെടുത്തിയിരുന്നെങ്കിലും ഹെലന് ഒഴുകി പോകുകയായിരുന്നു. മഴയില്‍ റോഡിലേക്കു കവിഞ്ഞൊഴുകിയ തോട്ടിലേക്കാണു കുട്ടികള്‍ വീണത്. ഹെലനും നിവേദ്യയും ഓട്ടോയിലാണു സ്കൂളില്‍നിന്നു വന്നിറങ്ങിയത്. നടന്നുപോകുന്നതിനിടെ ചിറ്റാനപ്പാറ അയ്യമ്പാറ റോഡില്‍ നിന്ന് ഇരുവരും കുന്നനാംകുഴി കൈത്തോട്ടിലേക്കു വീഴുകയായിരുന്നു.
ഇതുവഴി കടന്നുപോയ കൊച്ചിടപ്പാടി പൈകട ആതുരാലയത്തിലെ വാന്‍ ഡ്രൈവര്‍ മൂന്നാനി കളരിയാംമാക്കല്‍ ബിജു ഓടിയെത്തിയാണ് ഒരാളെ രക്ഷപ്പെടുത്തിയത്.
ഭരണങ്ങാനത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ ഹെലന് അലക്സിനെ കണ്ടെത്തുന്നതിനായി നേവിയുടെ സഹായം തേടിയതായി മാണി സി കാപ്പന് എം എല്‍ എ അറിയിച്ചു. ഇന്നലെയും ഇന്നും തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് നേവിയുടെ സഹായം തേടുന്നത്. ഇതിനായി കെനിയയിലുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്റെ സഹായം തേടിയതായി മാണി സി കാപ്പന് പറഞ്ഞു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതേത്തുടര്‍ന്നാണ് വി മുരളീധരനെ ബന്ധപ്പെട്ടത്. തുടര്‍ന്നു ആവശ്യമുന്നയിച്ച് നേവിയുടെ സഹായം തേടാന്‍ ജില്ലാ കളക്ടര്‍ക്കു മാണി സി കാപ്പന് നിര്‍ദ്ദേശം നല്കി. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്, ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ തുടങ്ങിയവരും ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിരുന്നു